രാജ്യത്ത് ‘പൊളിക്കല്‍’ നയം (സ്‌ക്രാപ്പേജ് നയം) നടപ്പിലാകാന്‍ പോകുന്നു.
രാജ്യത്ത് ‘പൊളിക്കല്‍’ നയം (സ്‌ക്രാപ്പേജ് നയം) നടപ്പിലാകാന്‍ പോകുന്നു. പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തേക്കും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷത്തേക്കുമാണ് പരമാവധി ഉപയോഗിക്കാന്‍ കഴിയുക.
കാലാവധി പൂര്‍ത്തിയാകുന്ന വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് ആദ്യം വിധേയമാക്കണം. ഇതിനായി ഓട്ടോമാറ്റിക് സൗകര്യങ്ങളുള്ള ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം കേന്ദ്രം സ്ഥാപിക്കും. ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷമായിരിക്കും വാഹനം പൊളിക്കണോ വേണ്ടയോ എന്ന തീരുമാനം വരിക. ഒരു വാഹനം മൂന്നിലേറെ പ്രാവശ്യം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് നിര്‍ബന്ധമായും പൊളിക്കപ്പെടും.
പാെളിക്കല്‍ നയം
സ്‌ക്രാപ്പേജ് നയത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.എന്തായാലും നയം പ്രാബല്യത്തില്‍ വന്നാല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൊണ്ടുനടക്കുന്നത് ചിലവേറിയ കാര്യമായി മാറും. കാരണം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിരക്ക് ഇപ്പോഴുള്ളതിന്റെ 62 മടങ്ങായാകും വര്‍ധിക്കുക. പഴയ സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിരക്കും എട്ടു മടങ്ങ് കൂടും.
ഇപ്പോഴുള്ള റോഡ് നികുതിക്ക് പുറമെ സംസ്ഥാനങ്ങള്‍ ഹരിത നികുതി (ഗ്രീന്‍ ടാക്‌സ്) കൂടി ചേര്‍ക്കുന്നതോടെ പഴയ വാഹനങ്ങള്‍ കൊണ്ടുനടക്കുക വലിയ ചിലവുള്ള കാര്യമായി മാറുമെന്ന് സാരം.
ഹരിത നികുതി
അടുത്ത രണ്ടാഴ്ച്ചക്കകം പുതിയ പൊളിക്കല്‍ നയത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിടും. നിലവില്‍ മോട്ടോര്‍ വാഹന നിയമം പ്രകാരം 8 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ എല്ലാ വര്‍ഷവും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെന്നാണ് ചട്ടം. ഈ വാഹനങ്ങള്‍ക്ക് റോഡ് നികുതിയുടെ 10 മുതല്‍ 25 ശതമാനം വരെ ഹരിത നികുതി ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമുണ്ട്.
പൊളിക്കല്‍ നയം വന്നാല്‍
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ കാര്യമെടുത്താല്‍, ബന്ധപ്പെട്ട ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരക്ക് 300 രൂപയില്‍ നിന്നും 1,000 രൂപയായി വര്‍ധിക്കും. സ്വകാര്യ കാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നിരക്ക് 600 രൂപയില്‍ നിന്നും 5,000 രൂപയായാണ് കൂടാനിരിക്കുന്നത്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഈടാക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 5 വര്‍ഷം കൂടി ഓടണമെങ്കില്‍ ഓരോ വര്‍ഷവും ഹരിത നികുതിയൊടുക്കണം. ഇപ്പോഴുള്ള റോഡ് നികുതിക്ക് പുറമെയാണിത്. എന്തായാലും ഓട്ടോമാറ്റിക് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘വാഹന്‍’ ഡാറ്റേബസില്‍ നിന്നും നീക്കം ചെയ്യപ്പെടും.
പ്രതീക്ഷ
ഇന്ത്യയില്‍ നിലവില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള 80 ലക്ഷം വാഹനങ്ങള്‍ ഓടുന്നുണ്ടെന്നാണ് കണക്ക്. ഈ വര്‍ഷാന്ത്യം കണക്ക് 90 ലക്ഷമോ 1 കോടിയോ തൊടും. പഴയ വാഹനങ്ങള്‍ വായു മലിനീകരണം ക്രമാതീതമായി വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പൊളിക്കല്‍ നയവുമായി കടന്നുവരുന്നത്. പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്നും അപ്രത്യക്ഷമാകുമ്ബോള്‍ പരിസ്ഥിതി മലിനീകരണം കുറയും.
എന്തായാലും പൊളിക്കല്‍ നയം പ്രാബല്യത്തില്‍ പുതുവാഹന വിപണിയായിരിക്കും ആത്യന്തികമായി നേട്ടം കൊയ്യുക. വാഹന വിപണിയിലെ വരുമാനം 4.5 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ സ്‌ക്രാപ്പേജ് നയത്തിന് സാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിലൂടെ ഇന്ത്യയുടെ ഉരുക്ക് വ്യവസായവും ശക്തിപ്പെടുമെന്ന് സൂചനയുണ്ട്