രാജ്യാന്തര ചലച്ചിത്രമേള: ഓൺലൈൻ സാധ്യതയും പരിഗണിക്കും – മന്ത്രി എ.കെ. ബാലൻ  

കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ നടത്താനായില്ലെങ്കിൽ അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു സാധിച്ചില്ലെങ്കിലാണ് ഓൺലൈൻ മേള പരിഗണിക്കുകയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന ടെലിവിഷൻ അവാർഡിനുള്ള എൻട്രികളും സ്വീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 21 മുതൽ 28 വരെ ഓൺലൈനായി നടത്തും. ഡോക്യുസ്‌കേപ്‌സ് ഐ. ഡി. എസ്. എഫ് എഫ്. കെ വിന്നേഴ്‌സ് എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. 14 ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും നാല് ക്യാമ്പസ് സിനിമകളും ആറ് അനിമേഷൻ ചിത്രങ്ങളും ഉൾപ്പെടെ 29 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ ഏഴെണ്ണം വിദേശ സിനിമകളാണ്. ഇതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് വൈകിട്ട് നാലു മണി മുതൽ 24 മണിക്കൂറിനകം ഇവ എപ്പോൾ വേണമെങ്കിലും കാണാം.

ആഗസ്റ്റ് 22 മുതൽ തിരുവോണ ദിനമായ 31 വരെ സാംസ്‌കാരിക വകുപ്പ് ഭാരത്ഭവന്റെ ആഭിമുഖ്യത്തിൽ മാവേലി മലയാളം എന്ന പേരിൽ വൈകിട്ട് ഏഴു മുതൽ രാത്രി എട്ടര വരെ ഓൺലൈൻ കലാപരിപാടികൾ അവതരിപ്പിക്കും. അരമണിക്കൂർ നേരം സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ കലാപരിപാടികളും ഒരു മണിക്കൂർ കേരളത്തിന്റെ തനതു കലാരൂപങ്ങളും അവതരിപ്പിക്കും. സമൂഹമാധ്യമങ്ങൾ വഴി ഇത് കാണാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team