റിയൽമി നാർസോ 30 ശ്രേണിയിൽ ആദ്യം പ്രോ 5ജി, 30A ഫോണുകൾ; ലോഞ്ച് ഉടൻ
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി ഈ മാസം നാലാം തിയതിയാണ് തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോൺ റിയൽമി X7 വില്പനക്കെത്തിച്ചത്. അതെ സമയം ഒരൊറ്റ ഫോൺ ലോഞ്ചിൽ അവസാനിക്കുന്നില്ല റിയൽമിയുടെ ഈ മാസത്തെ ലോഞ്ച്. റിപോർട്ടുകൾ അനുസരിച്ച് ഈ മാസം അവസാനത്തോടെ നാർസോ 20-യുടെ പിൻഗാമിയായി റിയൽമി നാർസോ 30 ശ്രേണി വില്പനക്കെത്തും.
റിയൽമി കമ്മ്യൂണിറ്റി വെബ്‌സൈറ്റിൽ നാർസോ 30 ഫോണിനായുള്ള ബോക്‌സിന്റെ ഡിസൈൻ ഏതായിരിക്കണം എന്ന സർവ്വേ പോസ്റ്റ് ചെയ്യുക വഴി ഈ മാസത്തിന്റെ തുടക്കത്തിലാണ് നാർസോ 30 ശ്രേണിയുടെ വരവ് റിയൽമി സ്ഥിരീകരിച്ചത്. അതെ സമയം ഏതൊക്കെ ഫോണുകളാണ് പുത്തൻ ശ്രേണിയിൽ വില്പനക്കെത്തുക എന്നത് വ്യക്തമായിരുന്നില്ല. അടിസ്ഥാന റിയൽമി നാർസോ 30, നാർസോ 30 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുത്തൻ ശ്രേണിയ്ക്ക് കീഴിൽ വിപണിയിലെത്തുക എന്നായിരുന്നു അനുമാനം എങ്കിലും ടിപ്പ്സ്റ്റർ ആയ ശുഭം നൽകുന്ന വിവരങ്ങൾ അനുസരിച്ച് നാർസോ 30 പ്രോ 5ജി, നാർസോ 30A എന്നിവയായിരിക്കും ആദ്യമെത്തുന്ന ഫോണുകൾ.
കഴിഞ്ഞ വർഷം നാർസോ 20 ശ്രേണി അവതരിപ്പിച്ചപ്പോൾ അടിസ്ഥാന നാർസോ 20, നാർസോ 20 പ്രോ, നാർസോ 20A എന്നിങ്ങനെ 3 ഫോണുകളാണുണ്ടായിരുന്നത്. നാർസോ 30 ശ്രേണിയിലും ഇത്തരത്തിൽ മൂന്ന് പതിപ്പുകൾ ഉണ്ടാകുമെങ്കിലും അടിസ്ഥാന നാർസോ 30 പതിപ്പിന്റെ ലോഞ്ച് ഒരല്പം വൈകും എന്ന് മാത്രം.
ശുഭം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നാർസോ 30യുടെ പോസ്റ്റർ ചില സുപ്രധാന വിവരങ്ങളും പുറത്ത് വിടുന്നുണ്ട്. മീഡിയടേക് ഡിമെൻസിറ്റി 800U SoC പ്രോസസ്സർ, 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ എന്നിവ നാർസോ 30 ഫോണുകൾക്കുണ്ടാവും. നീല, ഗ്രേ നിറങ്ങളിൽ ഫോൺ ലഭിക്കും എന്നും ട്രിപ്പിൾ ക്യാമെറയായിരിക്കും നാർസോ 30 ഫോണുകൾക്ക് എന്നും പോസ്റ്റർ വ്യക്തമാക്കുന്നു.
അതെ സമയം ഏറ്റവും പ്രാധാന്യമേറിയ കാര്യം നാർസോ 30 പ്രോ 5ജിയാവും റിയൽമിയുടെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോൺ എന്നതാണ്. 19,999 രൂപ വിലയാരംഭിക്കുന്ന റിയൽമി X7-നേക്കാൾ വില കുറവായിരിക്കും നാർസോ 30 പ്രോ 5ജിയ്ക്ക്. ഏകദേശം 15,000-16,000 രൂപയാണ് നാർസോ 30 പ്രോയ്ക്ക് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ ആവും റിയൽമി നാർസോ 30 പ്രോ 5ജി.