റീബിൽഡ് കേരള : കൃഷി വികസന കർഷക ക്ഷേമ വകുപ്പിൽ ഇ-ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം!
കൃഷിയും കർഷക ക്ഷേമവും വകുപ്പിൽ ഇ-ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.വിവിധ ആനുകൂല്യങ്ങൾക്കായി കർഷകരുടെ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കുന്നതും ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതും ഉൾപ്പെടെയുള്ള നടപടികൾ കമ്പ്യൂട്ടർവൽകൃത മാക്കുന്നതാണ് പദ്ധതി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും.
കൃഷിഭവനുകൾ മുതലുള്ള നടപടികളെല്ലാം ഓൺലൈനാക്കുന്നതിന് അഗ്രികൾച്ചർ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം ആരംഭിക്കുക, കാർഷിക മേഖലയിലെ ദുരിത്വാശാസ വിതരണത്തിനായി സ്മാർട് സംവിധാനം ഒരുക്കുക, വകുപ്പിന്റെ കീഴിലുള്ള ഓഫീസ് ഫയലുകൾ ഇ- ഓഫീസ് സംവിധാനത്തിലാക്കുക എന്നിവ പദ്ധതിയിൽ ലക്ഷ്യമിടുന്നു.
ഗുണമേൻമയുള്ള വിത്തുകൾ ഉറപ്പാക്കുന്നതിന് സീഡ് സർട്ടിഫിക്കേഷൻ, റഗുലേഷൻ സംവിധാനം, കീടനാശിനി നിർമാതാക്കൾക്കും വ്യാപാരികൾക്കും ലൈസൻസ് നൽകൽ, എന്നിവക്കായുള്ള കേന്ദ്രീകൃത സംവിധാനവും പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തും. കീടനാശിനി, വളം എന്നിവയുടെ സാംപിളുകൾ ശേഖരിക്കുന്നതിനും ഗുണമേൻമ പരിശോധിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തും.
കാർഷിക ഉത്പന്നങ്ങളുടെ വാല്യു അഡിഷനും വിപണനവും ഓൺലൈൻ വിപണനവും സംബന്ധിച്ച മൊഡ്യൂളും പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തും.