റെനോ 5 പ്രൊ 5ജി സ്മാർട്ട്ഫോണുമായി ഓപ്പോ ഇന്ത്യയിലെക്
ഇന്ത്യയിലെ 5ജി സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലേക്ക് ഒപ്പോ പുതിയ റെനോ 5 പ്രോ 5ജിയും എത്തിക്കാന്‍ പോകുന്നു. ഒപ്പോ 5 പ്രോ 5ജി ഈ മാസം 18-നാണ് വില്പനക്കെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഒപ്പോ റെനോ 5 സീരീസ് കഴിഞ്ഞ മാസമാണ് ചൈനയില്‍ അവതരിപ്പിച്ചത്. റെനോ 5 5ജി, റെനോ 5 പ്രോ 5ജി, റെനോ 5 പ്രോ+ 5ജി എന്നിങ്ങനെ 3 ഫോണുകളുണ്ട് പുത്തന്‍ ശ്രേണിയില്‍. ഇതില്‍ നിന്നും റെനോ 5 പ്രോ 5ജി മാത്രമാവും തത്കാലം ഇന്ത്യയിലെത്തുക. റിപ്പോര്‍ട്ട് അനുസരിച്ച് വരും മാസങ്ങളില്‍ ബാക്കിയുള്ള രണ്ട് മോഡലുകളും ഒപ്പോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേക്കും.
അറോറ ബ്ലൂ, മൂണ്‍ലൈറ്റ് നെറ്റ്, സ്റ്റാറി നൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഒപ്പോ റെനോ 5 പ്രോ 5ജി ലഭിക്കും.
8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 3,399 യെന്‍ (ഏകദേശം 38,200 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 3,799 യെന്‍ (ഏകദേശം 42,700 രൂപ) എന്നിങ്ങനെയാണ് ഒപ്പോ റെനോ 5 പ്രോ 5ജിയുടെ ചൈനയിലെ വില. ഇന്ത്യയില്‍ ഒപ്പോ റെനോ 5 പ്രോ 5ജിയുടെ വില 35,000 രൂപയ്ക്കും 40,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് സൂചന.
6.55 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) ഒഎല്‍ഇഡി കര്‍വ്ഡ് ഡിസ്പ്ലേയാണ് ഫോണിന്. ഇതിന് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും, 92.1 ശതമാനം സ്ക്രീന്‍-ടു-ബോഡി അനുപാതം, 402 പിപി പിക്സല്‍ ഡെന്സിറ്റിയുമുണ്ട്. ഡ്യുവല്‍ സിം (നാനോ) സ്മാര്‍ട്ട്ഫോണ്‍ ആയ ഓപ്പോ റെനോ 5 പ്രോ 5ജി, ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ കളര്‍ ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ARM G77 MC9 ജിപിയുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 1000+ SoC പ്രോസസ്സര്‍ ആണ് സ്മാര്‍ട്ട്ഫോണിന്. 65W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,350mAh ബാറ്ററിയാണ് ഒപ്പോ റെനോ 5 പ്രോ 5ജിയില്‍. 256 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഫോണിനുണ്ട്.
ക്വാഡ് റിയര്‍ ക്യാമറയാണ് ഒപ്പോ റെനോ 5 പ്രോ 5ജിയില്‍. 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2-മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ പോര്‍ട്രെയിറ്റ് ഷൂട്ടര്‍ എന്നിവ ചേര്‍ന്നതാണ് കാമറ സെറ്റപ്പ്. സെല്‍ഫികള്‍ക്കും, വീഡിയോ കോളിനുമായി സ്ക്രീനിന്റെ മുകളില്‍ ഇടത് കോണില്‍ സ്ഥാപിച്ചിരിക്കുന്ന ഹോള്‍-പഞ്ച് ക്യാമറയില്‍ 32 മെഗാപിക്സല്‍ സെന്‍സറാണ്.