ലാവാ മൊബൈൽസിന്റെ തിരിച്ചുവരവ് 4 മെയ്ഡ്-ഇൻ-ഇന്ത്യ സ്മാർട്ട്ഫോണുകളുമായി
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മാറ്റങ്ങളുടെ അലയൊലിയാണ് 2020 സാക്ഷ്യം വഹിച്ചത്. രാജ്യത്ത് അലയടിച്ച ചൈന വിരുദ്ധ തരംഗത്തിൽ വൺപ്ലസ്, ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ വമ്പൻമാർക്ക് അല്പം ക്ഷീണം സംഭവിച്ചു. അതെ സമയം സാംസങിന്റെ ഉയർത്തെഴുനേൽപ്പിനും ചൈന വിരുദ്ധ തരംഗം കാരണമായി. ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ രണ്ടാം വരവാണ് മറ്റൊരു സവിശേഷത. ദേശീയത മുറുകെപ്പിടിച്ച് നവംബറിലാണ് മൈക്രോമാക്‌സിന്റെ ഇൻ ശ്രേണിയിലുള്ള പുത്തൻ സ്മാർട്ട് ഫോൺ വിപണിയിലെത്തിയത്
. ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡ് എന്ന വിശേഷണം പരമാവധി പ്രയോജനപ്പെടുത്തി രണ്ടാം വരവിൽ മൈക്രോമാക്‌സ് നേട്ടം കൊയ്ത്തു. ഇനി ലാവ മൊബൈൽസിന്റെ ഊഴമാണ്.മൈക്രോമാക്‌സിനെപോലെ തന്നെ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡാണ് ലാവ മൊബൈൽസ്. വിപണിയിൽ ഇപ്പോഴുമുണ്ടെങ്കിലും ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ കുത്തൊഴുക്കിൽ പാർശ്വവത്കരിക്കപ്പെട്ടു എന്ന് മാത്രം. അതെ സമയം ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് ലാവ മൊബൈൽസ്. ഈ നീക്കത്തിന്റെ ഭാഗമായി തങ്ങളുടെ പുത്തൻ ഫോണുകൾ ജനുവരി 7 അവതരിപ്പിക്കും എന്ന് വ്യക്തമാക്കി ലാവ മൊബൈൽസ് ട്വീറ്റ് ചെയ്‌തു.