ലോക പ്രശസ്തമായ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് എസി മിലാന്റെ ഏഷ്യയിലെ ആദ്യത്തെ റസിഡൻഷ്യൽ പരിശീലന കേന്ദ്രം കോഴിക്കോട്ട്!
കോഴിക്കോട്: ലോക പ്രശസ്തമായ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് എസി മിലാന്റെ ഏഷ്യയിലെ ആദ്യത്തെ റസിഡൻഷ്യൽ പരിശീലന കേന്ദ്രം കോഴിക്കോട്ട്.
സ്പോർട്സ് ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെന്റ് മേഖലയിൽ ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിബിഎം സ്പോർട്‌ലാന്റും മുക്കം എം എ എം ഒ കോളജും ചേർന്നാണു എസി മിലാൻ പരിശീലന കേന്ദ്രത്തിനു സൗകര്യം ഒരുക്കിയത്. എം എ എം ഒ കോളജിലുള്ള കേരളത്തിലെ ഏറ്റവും വലിയ ആസ്ട്രോ ടർഫിലാണു എസി മിലാൻ അക്കാദമിയുടെ പരിശീലനം നടക്കുക.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണു പരിശീലനത്തിനു പ്രവേശനം. എസി മിലാൻ അക്കാദമിയുടെ ടെക്നിക്കൽ ഡയറക്ടർ ആൽബർട്ടോ ലാക്കണ്ടേലയുടെ നേതൃത്വത്തിലാണു പരിശീലനം.
ഇന്ത്യയിലെ പ്രത്യേകിച്ചു സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി ലോകത്തിനു വേണ്ടി വാർത്തെടുക്കുകയാണു അക്കാദമിയുടെ ലക്ഷ്യമെന്നു ടെക്നിക്കൽ ഡയറക്ടർ ആൽബർട്ടോ ലാക്കണ്ടേല പറഞ്ഞു. പരിശീലന കേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അടുത്ത മാസമാണു നടക്കുക. എന്നാൽ പ്രാരംഭ പരിശീലന പരിപാടി 13.08.23 ന് ആരംഭിക്കും.