ലോണെടുത്ത് യുകെയിലേക്ക് പോകുന്നവർ അറിയാന്‍: ജോലിയെടുത്ത് കടം വീട്ടാന്‍ സാധിക്കില്ല
പഠന വിസയില്‍ യുകെയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ നിയന്ത്രവിധേയമായി മാറുകയാണ്. പഠനം പൂർത്തിയാക്കാതെ പഠന വിസയില്‍ എത്തുന്നവർക്ക് ജോബ് വിസയിലേക്ക് മാറാന്‍ കഴിയില്ലെന്നതാണ് പ്രധാന നിയന്ത്രണം. ഗവേഷണാധിഷ്ഠിത ബിരുദാനന്തര ബിരുദ പഠനത്തിനല്ലാതെ എത്തുന്ന വിദേശവിദ്യാർഥികൾക്ക് ഇനി ആശ്രിതരെ കൊണ്ടുവരാനും സാധിക്കില്ല.
അതുപോലെ തന്നെ പഠനം കഴിഞ്ഞവർക്ക് തന്നെ ഉചിതമായ ജോലി ലഭിക്കുന്നില്ലെന്ന സാഹചര്യവും നിലനില്‍ക്കുന്നത്.ഇപ്പോഴിതാ യുകെ കുടിയേറ്റത്തെക്കുറിച്ചും വിദ്യാർത്ഥികള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ബൈജു തിട്ടാല. കേംബ്രിഡ്ജിലെ ആദ്യ ഡെപ്യൂട്ടി മേയർ കൂടിയായ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
വലിയ തോതില്‍ കുട്ടികള്‍ യുകെയിലെ പഠനാവശ്യത്തിനായി എത്തുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമായി ഞാന്‍ കാണുന്നത് താമസ സൗകര്യങ്ങളുടെ കാര്യത്തില്‍ അവർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ്. കൗൺസിലില്‍ ഈ വിഷയം ഞാന്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. താമസത്തിനുള്ള സൗകര്യം ഉറപ്പാക്കിയിട്ട് മാത്രമേ വിദ്യാർത്ഥികളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ പാടുള്ളുവെന്ന് രണ്ട് യൂണിവേഴിസ്റ്റികളോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ബൈജു തിട്ടാല പറയുന്നു.
ഒരിക്കല്‍ ചില മലയാളി വിദ്യാർത്ഥികള്‍ എന്നെ വിളിച്ചു. ജിപ്സികള്‍ താമസിക്കുന്നത് പോലെ കാരവാന്‍ സൈറ്റുകളിലാണ് അവർ വാടകയ്ക്ക് താമസിക്കുന്നത്. വൈദ്യുതിയും വെള്ളവും ഇല്ലാത്ത അവസ്ഥ. അവിടേക്ക് എന്നെ വിളിച്ചപ്പോള്‍ പൊലീസുമായിട്ടേ പോകാവൂ എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. നമ്മുടെ കുട്ടികള്‍ക്ക് താമസിക്കാന്‍ പറ്റിയ സ്ഥലം അല്ല. അവിടെ ഇപ്പോഴും താമിസിക്കുന്ന മലയാളികളുണ്ടാവും. അവരെ ഞാന്‍ അപമാനിക്കുകയല്ല.
എത്രയോ ആളുകള്‍ കബളിക്കപ്പെടുന്നുവരുണ്ട്. അഡ്വാന്‍സ് വാങ്ങി ചിലരൊക്കെ മുങ്ങും. പഠിച്ചുകൊണ്ടുന്നവർക്ക് എത്രത്തോളം ജോലി എന്ന ചോദ്യം തന്നെ പ്രസക്തമല്ലാത്തതാണ്. അവർക്ക് പരമാവധി 20 മണിക്കൂർ മാത്രമാണ് ജോലി ചെയ്യാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് വാടക പോലും കൊടുക്കാന്‍ സാധിക്കില്ല. പഠിക്കാന്‍ വരുന്നവർ പഠിക്കണം. മറ്റ് ലക്ഷ്യങ്ങളോടെ വരുന്നവർ ഞങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ബൈജു തിട്ടാല പറയുന്നു.
യുകെയിലേക്ക് തൊഴില്‍ തേടി പോയ ഒരു വ്യക്തിയാണ് ഞാന്‍. അല്ലാതെ വീട് പണയം വെച്ച് പൈസ എടുത്തിട്ടല്ല. എന്റെ ഭാര്യക്കും ജോലിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികവും അങ്ങനെയല്ല. ഒറ്റ ദിവസം ഏഴായിരത്തിലേറെ വിദ്യാർത്ഥികള്‍ കാനഡയിലേക്ക് പോയെന്ന വാർത്ത കണ്ടു. കാനഡയിലെ സ്ഥിതി എന്താണെന്ന് എനിക്ക് അറിയില്ല. ഈ വരുന്നത് യുകെയിലേക്കാണെങ്കില്‍ അവർക്ക് ഇവിടെ വന്ന് പഠനത്തോടൊപ്പം ജോലി ചെയ്താല്‍ തന്നെ വാടക കഴിച്ചുള്ള ചിലവുകള്‍ക്ക് പണം കണ്ടെത്തേണ്ടി വരും.ബാക്കി പണം എങ്ങനെ കണ്ടെത്തുമെന്ന കാര്യം ഇവിടെയെത്തിയിട്ടാണ് പലരും ആലോചിക്കുന്നത്. അവർ അനുഭവിക്കുന്ന ട്രോമയും സമ്മർദ്ദവും ഭയങ്കരമാണ്.
18 നും 25 നും പ്രായത്തിലുള്ളവരാണ് ഇവർ. അവരുടെ മുന്നോട്ടുള്ള വളർച്ചയെ ഇത് സാരമായി ബാധിക്കും. വീടൊക്കെ ലോണ്‍ വെച്ച് യുകെയില്‍ പോയി കുടുംബത്തെ രക്ഷപ്പെടുത്താം എന്നുള്ളത് നാടോടിക്കാറ്റില്‍ ശ്രീനിവാസന്‍ കണ്ടത് പോലുള്ള സ്വപ്നമാണെന്നും കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ പറയുന്നു.രണ്ടോ മുന്നോ വർഷത്തിനുള്ളില്‍ കേരളത്തിലെ പല ബാങ്കുകളും വലിയ തോതിലുള്ള റിക്കവറി നടപടികള്‍ ആരംഭിക്കുമെന്നാണ് എന്റെ കണക്ക് കൂട്ടല്‍. ലോണെടുത്ത് പോയവർക്ക് ഈ പണം യഥാസമയം അടച്ച് തീർക്കാന്‍ സാധിക്കില്ല. അല്ലെങ്കില്‍ നല്ല ജോലി കിട്ടണം. എനിക്ക് തന്നെ അറിയുന്ന നിരവധിയാളുകള്‍ മറ്റ് മാർഗങ്ങളില്ലാതെ യുകെയില്‍ വന്ന് തിരിച്ച് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.