വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടം എയർ ഇന്ത്യയുടെ ഒമ്പതു സർവിസുകൾ ജിദ്ദയിൽനിന്ന്
ജിദ്ദ: വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽനിന്ന് എയർ ഇന്ത്യയുടെ ഒമ്പതു സർവിസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 11 മുതൽ 22 വരെയാണ് സർവിസുകൾ. ഇതിൽ മൂന്നെണ്ണം കോഴിക്കോട്ടേക്കാണ്. ഒക്ടോബർ 12, 16, 19 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസുകൾ. ജിദ്ദയിൽനിന്ന് മുംബൈ വഴിയാണിത്. എന്നാൽ, മുംബൈയിൽ ഒരു മണിക്കൂർ സാങ്കേതിക സ്റ്റോപ് മാത്രമാണ് ഉണ്ടാവുകയെന്നും യാത്രക്കാർ വിമാനത്തിൽനിന്ന് പുറത്തിറങ്ങേണ്ടതില്ലെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

വൈകീട്ട് 5.10ന് പുറപ്പെടുന്ന വിമാനം പുലർച്ച 12.25ന് മുംബൈയിൽ എത്തും. ശേഷം 1.25ന് പുറപ്പെട്ട് 3.20ന് കോഴിക്കോട്ടെത്തും.
മുതിർന്നവർക്ക് 1061 റിയാൽ, 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 835 റിയാൽ, രണ്ട് വയസ്സിന് താഴെ 163 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഒക്ടോബർ 11, 14, 18, 21 തീയതികളിൽ ഡൽഹി വഴി ലഖ്നോ, 15, 22 തീയതികളിൽ ഹൈദരാബാദ് വഴി മുംബൈ എന്നിവയാണ് മറ്റു സർവിസുകൾ. മുതിർന്നവർക്ക് 1360 റിയാൽ, 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 1061 റിയാൽ, രണ്ട് വയസ്സിന് താഴെ 193 റിയാൽ എന്നിങ്ങനെയാണ് ഈ സർവിസുകളുടെ ടിക്കറ്റ് നിരക്കുകൾ. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർ എയർ ഇന്ത്യ ഓഫിസിനെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങണം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപന. വ്യക്തികൾക്കോ ഒരു കുടുംബത്തിന് മാത്രം ഒന്നിച്ചോ മാത്രമായിരിക്കും ടിക്കറ്റുകൾ എടുക്കാൻ അവസരമെന്നും എന്നാൽ, ഗ്രൂപ്പായി ടിക്കറ്റ് എടുക്കാൻ സാധിക്കില്ലെന്നും എയർ ഇന്ത്യ ഓഫിസിൽ നിന്നല്ലാതെ മറ്റു ട്രാവൽ ഏജൻസി വഴി ടിക്കറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും കോൺസുലേറ്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു.