വരുന്നു ഇന്ത്യയില്‍ ആപ്പിളിന്റെ ക്രെഡിറ്റ് കാര്‍ഡ്; ഈ നേട്ടങ്ങള്‍ ലഭിക്കും! രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലേക്കും പ്രവേശിക്കാൻ ഐഫോണ്‍ നിര്‍മാതാക്കൾ  

ആപ്പിള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കുമായി സംയുക്തമായി ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാൻ ചര്‍ച്ച നടത്തിവരികയാണ്. ആപ്പിള്‍ കാര്‍ഡ് എന്ന പേരില്‍ കമ്ബനി ഇത് ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ സിഇഒ ടിം കുക്ക് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് സിഇഒയും എംഡിയുമായ ശശിധര്‍ ജഗദീശനെ കണ്ടിരുന്നുവെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി, ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ ശ്രദ്ധയൂന്നുകയാണ്. അടുത്തിടെ കമ്ബനിയുടെ സിഇഒ ടിം കുക്ക് ഇന്ത്യയില്‍ വന്ന് രണ്ട് ആപ്പിള്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ തുറന്നു, ഒന്ന് മുംബൈയിലും മറ്റൊന്ന് രാജ്യതലസ്ഥാനമായ ഡെല്‍ഹിയിലും. ഇപ്പോഴിതാ ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തിലേക്കും പ്രവേശിക്കാൻ ആപ്പിള്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ആപ്പിള്‍ ഇന്ത്യയില്‍ ആപ്പിള്‍ പേ അവതരിപ്പിച്ചേക്കുമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് പറയുന്നു. ഇതിനായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുമായി (NPCI) കമ്ബനി ചര്‍ച്ച നടത്തിവരികയാണ്. എന്നിരുന്നാലും, യുപിഐ പ്ലാറ്റ്‌ഫോം കൊണ്ടുവരാൻ കമ്ബനി ചര്‍ച്ചകള്‍ നടത്തുന്നുണ്ടോ അതോ ക്രെഡിറ്റ് കാര്‍ഡ് എൻപിസിഐയുടെ റുപേ പ്ലാറ്റ്‌ഫോം നല്‍കുന്നതാണോ എന്ന് ഉറപ്പില്ല. റുപേ കാര്‍ഡ് പ്രൊമോട്ട് ചെയ്യാൻ ഇന്ത്യാ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നുവെന്നും ഇതിനായി പല രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും പല രാജ്യങ്ങളിലും റുപേ കാര്‍ഡില്‍ നിന്നും പേയ്‌മെന്റ് സ്വീകരിക്കുന്നുണ്ടെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആപ്പിള്‍ റുപേ കാര്‍ഡ് ലോഞ്ച് ചെയ്യുകയാണെങ്കില്‍, ഒരു ഗുണം യുപിഐയുമായി ബന്ധിപ്പിക്കാനും കഴിയും എന്നതാണ്.സാങ്കേതിക ഭീമന്മാരായ ഗൂഗിള്‍, സാംസങ്, ആമസോണ്‍ എന്നിവ ഇന്ത്യയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, ആപ്പിളും ഇതില്‍ കണ്ണുവെക്കുകയാണ്. ഇന്ത്യയില്‍ ഓണ്‍ലൈൻ പേയ്‌മെന്റിന്റെ വേഗത തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇതിന് ഏറ്റവും വലിയ കാരണം. 2022 ലെ കണക്കുകള്‍ പരിശോധിച്ചാല്‍, യുപിഐ പേയ്‌മെന്റുകളില്‍ ഏകദേശം 70 ശതമാനം വര്‍ധനവുണ്ടായി. 2022 ല്‍ 126 ലക്ഷം കോടി രൂപയുടെ ഇടപാടാണ് യുപിഐ വഴി നടന്നത്.

യുപിഐ പേയ്‌മെന്റിന് ശേഷം, ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് കൂടുതല്‍ ഇടപാടുകള്‍ കാണുന്നത്. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഏപ്രിലില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 1.33 ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നു, ഇത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തേക്കാള്‍ മൂന്ന് കോടി കൂടുതലാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയിലെ അവസരങ്ങളുടെ വ്യാപ്തി കൂടുതലാണെന്ന് കമ്ബനികള്‍ കരുതുന്നു. അത്തരമൊരു സാഹചര്യത്തില്‍ ആപ്പിള്‍ ഉള്‍പ്പെടെയുള്ള നിരവധി സാങ്കേതിക ഭീമന്മാര്‍ ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു.

ഇന്ത്യയിലെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ നാല് ശതമാനം വിഹിതം ആപ്പിളിന്റെ കൈവശമാണ്, അതായത് ഇന്ത്യയിലെ ഏകദേശം 20 ദശലക്ഷം ഉപയോക്താക്കള്‍ ഐഫോണ്‍ ഉപയോഗിക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മെയ് മാസത്തില്‍, ഏകദേശം 12,000 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു, അതില്‍ 80 ശതമാനം കയറ്റുമതിയും ആപ്പിള്‍ മാത്രമാണ് നടത്തിയത്. അതായത് 12,000 കോടി രൂപയില്‍ 10,000 കോടിയും ഐഫോണില്‍ നിന്നാണ്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പന 50,000 കോടി രൂപയ്ക്കടുത്താണ്.

എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്നുള്ള ആപ്പിളിന്റെ ക്രെഡിറ്റ് കാര്‍ഡ് എപ്പോള്‍ ലോഞ്ച് ചെയ്യുമെന്ന് വ്യക്തമല്ല. രണ്ട് പേര്‍ക്കുമിടയില്‍ ധാരണയായോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ നേട്ടങ്ങള്‍:

* പതിവായി ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ആപ്പിള്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഒരു ശതമാനം വരെ ക്യാഷ്ബാക്ക് നേടാം. ആപ്പിള്‍ പേയില്‍ പേയ്‌മെന്റില്‍ ഇത് രണ്ട് ശതമാനം വരെയാണ്.

* ആപ്പിള്‍ സ്റ്റോറുകളില്‍ പണമടയ്ക്കാൻ ആപ്പിള്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും തിരഞ്ഞെടുത്ത പങ്കാളികള്‍ക്കും ക്യാഷ്ബാക്ക് മൂന്ന് ശതമാനം വരെ ഉയരും.

* ആപ്പിളിന്റെ ക്രെഡിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസ് ഉണ്ടാകില്ല.

* ഇതുകൂടാതെ, ലേറ്റ് ഫീ ചാര്‍ജുകള്‍ ഇല്ല.

* യുഎസിലെ ആപ്പിള്‍ കാര്‍ഡ് ഉടമകള്‍ക്ക് ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ പലിശയില്ലാതെ എളുപ്പത്തില്‍ തവണകളായി വാങ്ങാനാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team