വാട്ട്‌സ്ആപ്പിൽ എച്ച്ഡി ഫോട്ടോസ്, വീഡിയോ ഷെയർ ഓപ്‌ഷൻ വരുന്നു..
എച്ച്‌ഡി നിലവാരത്തിൽ ഫോട്ടോകൾ അയയ്‌ക്കാൻ വാട്ട്‌സ്ആപ്പ് വൈകാതെ ഉപയോക്താക്കളെ അനുവദിക്കുമെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഈ ആഴ്‌ച ആദ്യം പ്രഖ്യാപിച്ചിരുന്നു. പുതിയ അപ്ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് എച്ച്ഡി (2000×3000 പിക്‌സൽ) അല്ലെങ്കിൽ സ്‌റ്റാൻഡേർഡ് (1365×2048 പിക്‌സൽ) നിലവാരത്തിൽ ഫോട്ടോകൾ അയയ്ക്കാൻ കഴിയും. സ്വാഭാവികമായും, ഇന്റർനെറ്റ് വേഗതയെ ആശ്രയിച്ച് എച്ച്ഡിയിലുള്ള ഫോട്ടോകൾ അയയ്‌ക്കാനോ ലോഡുചെയ്യാനോ കൂടുതൽ സമയമെടുക്കും. എച്ച്ഡി ഫോട്ടോകൾ കൂടുതൽ സ്‌റ്റോറേജും അപഹരിക്കും. എന്നാൽ, മറ്റ് പല പ്ലാറ്റ്‌ഫോമുകൾ ഇതിനകം വാഗ്‌ദാനം ചെയ്യുന്ന ഈ ഓപ്ഷൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ്.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പങ്കുവച്ചിട്ടുണ്ട്. എച്ച്ഡിയിലോ സ്‌റ്റാൻഡേർഡ് ക്വാളിറ്റിയിലോ ഫോട്ടോകൾ അയക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോയും ഫേസ്ബുക്ക് പോസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോകൾ അയയ്‌ക്കുന്നതിനുള്ള നടപടിക്രമത്തിൽ മാറ്റമൊന്നും ഇല്ലെങ്കിലും മുകളിലെ പേനയുടെ ചിഹ്നത്തിനും ക്രോപ്പ് ടൂളുകൾക്കും അടുത്തായി ഒരു എച്ച്ഡി ഓപ്ഷൻ കൂടിയുണ്ടാകും.
ഇവിടെ ഉപയോക്താക്കൾക്ക് സ്‌റ്റാൻഡേർഡ് അല്ലെങ്കിൽ എച്ച്ഡി ടൂളുകളിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കാം. ആപ്പിന്റെ വേഗത ഉറപ്പാക്കാൻ ഡിഫോൾട്ടായി ഫോട്ടോകൾ സ്‌റ്റാൻഡേർഡ് നിലവാരത്തിൽ ലഭ്യമാകുമെന്ന് ഒരു പത്രക്കുറിപ്പിലൂടെ കമ്പനി അറിയിച്ചു.മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം കൂടുതൽ സവിശേഷതകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. വാട്ട്‌സ്ആപ്പ് നിലവിൽ ഒരു ഉപകരണത്തിൽ ഒന്നിലധികം അക്കൗണ്ടുകൾ കൊണ്ടുവരാനുള്ള പരീക്ഷണത്തിലാണ്.
ഫീച്ചർ ലഭ്യമാകുന്നതോടെ, ഉപയോക്താക്കൾക്ക് ഒരു ഫോണിൽ ഒന്നിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയും. ഫോൺ നമ്പറിന് പകരം ഒരു പ്രത്യേക ഐഡിയോ സോഷ്യൽ മീഡിയയോ ഉപയോഗിച്ച് ലോഗിൻ ചെയ്യാനുള്ള ഓപ്ഷനും അണിയറയിലാണ്. ഈ ഫീച്ചറുകൾ എല്ലാവർക്കും ലഭ്യമാകുന്നതിന് കുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.