വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ടെക്നോസിറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ !
കേരളത്തിന്റെ വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ടെക്നോസിറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പള്ളിപ്പുറം ടെക്നോസിറ്റിയിലെ കബനി ഐ.ടി സമുച്ചയത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് ടെക്നോസിറ്റിയിലെ പുതിയ കെട്ടിട സമുച്ചയത്തിനുള്ളത്. ഇതോടെ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സൗകര്യങ്ങളാണ് കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ഒരുങ്ങിക്കഴിഞ്ഞത്.
വലിയ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലത്താണ് നൂതന സാങ്കേതികവിദ്യാ അധിഷ്ഠിതമായ പുതിയ ബിസിനസ് സംരംഭങ്ങള്‍ക്കായി വിശാലമായ ടെക്നോസിറ്റി കാമ്ബസ് തുറക്കപ്പെടുന്നത്.കേരളത്തിന്റെ ഐടി വികസനത്തിനു ഈ പദ്ധതി മുതല്‍ക്കൂട്ടാകുമെന്നത് സുനിശ്ചിതമാണ്.ഐ.ടി, ഐ.ടി എനേബിള്‍ഡ് ബിസിനസ് സംരംഭങ്ങള്‍ക്ക് പുതിയ ഉണര്‍വും കരുത്തും പകരാന്‍ നമുക്കായി.
വാടകയിനത്തിലും വൈദ്യുതി നിരക്കിലുമൊക്കെ വലിയ ഇളവുകളാണ് ഐ.ടി പാര്‍ക്കുകളില്‍ സര്‍ക്കാര്‍ നല്‍കിയത്. മഹാമാരി കാലത്ത് സര്‍ക്കാരിന്റെ ഈ പിന്തുണ ഐ.ടി പാര്‍ക്കുകളിലെ സ്ഥാപനങ്ങള്‍ക്ക് കരുത്തായി. നൂതന സാങ്കേതികവിദ്യാധിഷ്ഠിതമായ പുതിയ ബിസിനസ് സംരംഭങ്ങള്‍ക്കായി വിശാലമായ ടെക്നോസിറ്റി കാമ്ബസ് തുറക്കുന്നത് ഈ വെല്ലുവിളി നിറഞ്ഞ കാലത്താണ്.
ഐ.ടി മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കൂടുതല്‍ നടപടി സ്വീകരിക്കും. അതിനാവശ്യമായ വിഹിതവും ഉറപ്പാക്കും. ഉയര്‍ന്ന മാനവവിഭവശേഷി, മികച്ച ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി, ജല ലഭ്യത ഇതെല്ലാം ഒന്നിച്ചുവരുമ്ബോള്‍ നമ്മുടെ ഐ.ടി പാര്‍ക്കുകള്‍ അന്താരാഷ്ട്രതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടും.
ടെക്നോസിറ്റിയില്‍ സജ്ജമാക്കിയ സൗകര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും നയങ്ങളുടെയും അതിനനുസരിച്ച് സൂക്ഷ്മമായി ആവിഷ്‌കരിച്ച പദ്ധതികളുടെയും ഫലമാണ്. ഇതുവഴി ഐ.ടി മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായകമാകും.
തൊഴിലവസരങ്ങള്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ലഭിക്കുന്നത്. 15000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കരാറാണ് കഴിഞ്ഞദിവസം ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി ഒപ്പിട്ടത്. ഇതിനുപുറമേ, ഇതിനനുസരിച്ചുള്ള വികസനം ആ പ്രദേശങ്ങളിലുമുണ്ടാകും.നമ്മുടെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ നൈപുണ്യ വികസനത്തിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
ഐ.ടി അടിസ്ഥാനവികസന സൗകര്യങ്ങള്‍ നാടിന്റെ സ്വപ്നങ്ങള്‍ക്കനുസൃതമായി വികസിക്കുക എന്നതാണ് പ്രധാനം. നൂതന സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിക്കലാണ് നാം. അതിന്റെ പ്രയോജനം കേരളത്തിനും ലഭിക്കാനുതകുന്ന സൗകര്യങ്ങളാണ് ടെക്നോസിറ്റിയില്‍ ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെക്നോപാര്‍ക്കില്‍ നിലവിലുള്ള 100 ലക്ഷം ചതുരശ്ര അടി ഐ.ടി സമുച്ചയങ്ങള്‍ക്ക് പുറമേയാണ് ടെക്നോസിറ്റി കാമ്ബസില്‍ കബനിയെന്ന പുതിയ മന്ദിരം ഒരുങ്ങിയത്. പ്ലഗ് ആന്‍റ് പ്ലേ സൗകര്യങ്ങളും ഐ.ടി/ഐ.ടി.ഇ.എസ് കമ്ബനികള്‍ക്കുള്ള വാം ഷെല്ലും പുതിയ മന്ദിരത്തിലുണ്ട്.
ചടങ്ങില്‍ സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ്‌കുമാര്‍, ബ്ളാക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹരിപ്രസാദ്, പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹരികുമാര്‍, ഐ.ടി അഡീ. സെക്രട്ടറി കെ. മുഹമ്മദ് വൈ. സഫീറുള്ള, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.