വിദേശ നിക്ഷേപകരുടെ ഇഷ്ടം വാങ്ങിക്കൂട്ടി ഇന്ത്യ!
മുംബയ്: ആഗോളതലത്തിലെ തളര്‍ച്ചയ്ക്ക് പിടികൊടുക്കാതെ വിദേശ നിക്ഷേപകരുടെ ഇഷ്ടം വാങ്ങിക്കൂട്ടി ഇന്ത്യ. ഈമാസം ഇതുവരെ ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് ഒഴുകിയ വിദേശ പോര്‍ട്ട്ഫോളിയോ (എഫ്.പി.ഐ) നിക്ഷേപം 54,980 കോടി രൂപയാണ്.ഒട്ടേറെ രാജ്യങ്ങളിലെ സര്‍ക്കാരുകളും കേന്ദ്രബാങ്കുകളും കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ നിക്ഷേപകരുടെ പക്കല്‍ മികച്ച പണമുണ്ട്. ഇതാണ്, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രതീക്ഷകര്‍ വച്ചുപുലര്‍ത്തി അവര്‍ ഒഴുക്കുന്നത്.ഈമാസം ഇതുവരെ ലഭിച്ച മൊത്തം എഫ്.പി.ഐയില്‍ 48,858 കോടി രൂപയും നേടിയത് ഓഹരി വിപണിയാണ്. കടപ്പത്ര വിപണിക്ക് 6,122 കോടി രൂപയും ലഭിച്ചു.നവംബറില്‍ ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ 62,951 കോടി രൂപ ഒഴുക്കിയിരുന്നു. മികച്ച വാങ്ങല്‍ ട്രെന്ഡുള്ളതിനാല് ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായി റെക്കാഡ് തിരുത്തി മുന്നേറുകയാണ്.കഴിഞ്ഞ അഞ്ചുദിവസം തുടര്‍ച്ചയായി നേട്ടം കുറിച്ച സെന്‍സെക്സ് ഇപ്പോഴുള്ളത് 46,960ലും നിഫ്റ്റി 13,760ലുമാണ്. രണ്ടും സര്‍വകാല റെക്കാഡാണ്. കൊവിഡ് വാക്സിന് സജ്ജമാകുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ നിക്ഷേപകരെ ആവേശത്തിലാക്കുന്നത്. അമേരിക്കയില്‍ കൂടുതല്‍ ഉത്തേജക പാക്കേജുകള്‍ സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. ലാഭമെടുപ്പ് ഉണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളിലും ഓഹരിക്കുതിപ്പ് പ്രതീക്ഷിക്കാം.