വിപണിയിലെ ഏറ്റവും വിലകൂടിയ പ്ലാൻ ഇപ്പോൾ ജിയോയുടേത്
റിലയൻസ് ജിയോ (Jio) അടുത്തിടെ നിരവധി പ്ലാനുകളാണ് അവതരിപ്പിച്ചത്. ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ടും അതിന് മുമ്പുമായി ജിയോ അവതരിപ്പിച്ചിരിക്കുന്നത് മികച്ച പ്ലാനുകളാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായൊരു പ്ലാൻ ഉണ്ട്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയ പ്രീപെയ്ഡ് പ്ലാനാണ് ഇത്. 3662 രൂപ വിലയുള്ള ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണ് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി വരുന്നത്.
അടുത്തിടെയാണ് ഈ പ്രീപെയ്ഡ് പ്ലാൻ റിലയൻസ് ജിയോ അവതരിപ്പിച്ചത്.ജിയോ, എയർടെൽ, വിഐ എന്നിങ്ങനെയുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്ന പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാനാണ് ജിയോയുടെ 3,662 രൂപ പ്ലാൻ. ഈ പ്ലാനിന് വില കൂടുതലാണ് എങ്കിലും ആകർഷകമായ ആനുകൂല്യങ്ങളും ദീർഘകാലം വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. ഇടയ്ക്കിടെയുള്ള റീചാർജ് മടുപ്പുണ്ടാക്കുന്ന ആളുകൾക്ക് ഈ പ്രീപെയ്ഡ് പ്ലാൻ മികച്ച ചോയിസാണ്. ഒരു വർഷത്തേക്ക് മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളും അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.
ജിയോ നൽകുന്ന 3662 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. അതായത് ഒരു വർഷം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളുമായിട്ടാണ് ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. ദിവസവും 2.5 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 912.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കാൻ പോകുന്നത്.
ജിയോയുടെ 3662 രൂപ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളിൽ ഏറ്റവും ശ്രദ്ധേയം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറാണ്. 5ജി നെറ്റ്വർക്ക് ലഭിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഈ പ്ലാൻ റീചാർജ് ചെയ്താൽ അൺലിമിറ്റഡ് 5ജി ഡാറ്റയിലേക്ക് ആക്സസ് ലഭിക്കും. ഇത് കൂടാതെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഈ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ജിയോ ടിവി ആപ്പ് വഴി സോണിലിവ്, സീ5 എന്നിവയിലേക്ക് സൗജന്യമായി ആക്‌സസ് നൽകുന്ന പ്ലാൻ കൂടിയാണ് 3662 രൂപയുടേത്.
ഒരു വർഷത്തേക്കാണ് ഈ ഒടിടി ആക്സസ് ലഭിക്കുന്നത്.ജിയോസിനിമ, ജിയോക്ലൌഡ്, ജിയോടിവി എന്നിവയടക്കമുള്ള ഒടിടി ആനുകൂല്യങ്ങളും 3662 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ ജിയോയുടെ വെബ്സൈറ്റിലൂടെ ലഭ്യമാകും. പ്ലാനിലൂടെ ലഭിക്കുന്ന ദിവസവുമുള്ള 2.5 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയുന്നു. റിലയൻസ് ജിയോ ഇതുവരെ 7764 നഗരങ്ങളിൽ 5ജി നെറ്റ്വർക്ക് ലഭ്യമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും 5ജി ലഭ്യമാക്കാനാണ് ജിയോ ശ്രമിക്കുന്നത്.
ജിയോ പുതുതായി അവതരിപ്പിച്ച പ്ലാനുകളിൽ 3000 രൂപയ്ക്ക് മുകളിൽ വരുന്ന പ്ലാനുകളാണ് 3,226 രൂപ, 3,225 രൂപ വിലയുള്ളവ. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനുകളിലൂടെ ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയും ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനുകളിൽ 3226 രൂപ പ്ലാൻ സോണി ലിവ് ആക്സസും 3226 രൂപ പ്ലാൻ സീ5 ആക്സസും നൽകുന്നു.