വിരമിക്കല്‍ സമ്ബാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില മ്യൂച്വല്‍ ഫണ്ട് സ്കീമുകൾ!
വിരമിക്കലിനായുള്ള പരമ്ബരാഗത നിക്ഷേപ മാര്‍ഗങ്ങളില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), നാഷണല്‍ പെന്‍ഷന്‍ സ്കീം (എന്‍പിഎസ്) എന്നിവ ഉള്‍പ്പെടുന്നു. വിരമിക്കല്‍ സമ്ബാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില മ്യൂച്വല്‍ ഫണ്ട് സ്കീമുകളും ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് എസ്‌ബിഐ റിട്ടയര്‍മെന്റ് ബെനിഫിറ്റ് ഫണ്ട് (SRBF).
എസ്‌ബിഐ റിട്ടയര്‍മെന്റ് ബെനിഫിറ്റ് ഫണ്ട് ഒരു ഓപ്പണ്‍-എന്‍ഡ് സ്കീമാണ്. നിങ്ങളുടെ നിക്ഷേപങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് അല്ലെങ്കില്‍ വിരമിക്കല്‍ വരെ (അതായത്, 65 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ) നിക്ഷേപിക്കാവുന്നതാണ്. ഇക്വിറ്റി, ഡെറ്റ് എന്നിവ അനുവദിച്ചുകൊണ്ട് വിവിധ റിസ്ക് പ്രൊഫൈലുകളുള്ള നിക്ഷേപകര്‍ക്ക് ഫണ്ട് നാല് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓരോ പ്ലാനിലും ഗോള്‍ഡ് ഇടിഎഫുകളിലും വിദേശ സെക്യൂരിറ്റികളിലും നിക്ഷേപം നടത്താനുള്ള വ്യവസ്ഥയുണ്ട്. ഫണ്ട് മാനേജര്‍മാരായ ഗൗരവ് മേത്തയാണ് ഇക്വിറ്റി വിഭാഗം കൈകാര്യം ചെയ്യുന്നത്, ദിനേശ് അഹൂജയാണ് സ്ഥിര വരുമാന വിഭാഗം കൈകാര്യം ചെയ്യുന്നത്. എസ്‌ബിഐ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടും മേത്ത കൈകാര്യം ചെയ്യുന്നു. ഫണ്ട് മാനേജര്‍ മോഹിത് ജെയിന്‍ ആണ് സ്കീമിന്റെ അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഫണ്ട് ഹൗസിലെ എല്ലാ പദ്ധതികളിലെയും വിദേശ നിക്ഷേപത്തിന് ജെയിന്‍ മേല്‍നോട്ടം വഹിക്കും.
നിങ്ങളുടെ പ്രായം കണക്കിലെടുത്ത് വിവിധ പ്ലാനുകള്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് പ്രായമാകുമ്ബോള്‍, ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ കുറവുള്ള ഓപ്ഷനുകളിലേക്ക് നിങ്ങള്‍ക്ക് മാറാനാകും. ഫണ്ടിന് ഒന്നിലധികം അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കാന്‍ കഴിയും. ഇക്വിറ്റി, ഡെറ്റ്, സ്വര്‍ണം, വിദേശ സെക്യൂരിറ്റികള്‍ എന്നിവയില്‍ നിക്ഷേപം നടത്താം.
എസ്‌ബിഐ റിട്ടയര്‍മെന്റ് ബെനിഫിറ്റ് ഫണ്ട് നിലവില്‍ 80 സി നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ ചിട്ടയായ നിക്ഷേപ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് എസ്‌ബിഐ റിട്ടയര്‍മെന്റ് ബെനിഫിറ്റ് ഫണ്ടില്‍ നിക്ഷേപം നടത്താം. എന്നാല്‍ ഓരോ തവണയും അഞ്ച് വര്‍ഷത്തേക്ക് ലോക്ക് ചെയ്യപ്പെടും. ആദ്യ ഗഡു നല്‍കിയ സമയം മുതല്‍ ലോക്ക്-ഇന്‍ ആരംഭിക്കും.