വില്പനക്ക് എത്തി ഒരു വർഷത്തിനുള്ളിൽ ചേതക് ഇലക്ട്രിക്കിന്റെ 1337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്  

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലേക്കുള്ള ബജാജിന്റെ പ്രവേശനം സാധ്യമാക്കിയ മോഡലാണ് ചേതക്. 2020 തുടക്കത്തില്‍ ബെംഗളൂരുവിലും പൂനെയിലുമായി എത്തിയ സ്‌കൂട്ടറിന് ഗംഭീര സ്വീകരണവുമാണ് ലഭിച്ചത്. വില്‍പ്പനയ്ക്ക് എത്തി ഒരു വര്‍ഷത്തിനുള്ളില്‍ മൊത്തം 1,337 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനും ബ്രാന്‍ഡിന് സാധിച്ചു. നിലവില്‍ ബെംഗളൂരുവിലെ 13 ഡീലര്‍ഷിപ്പുകളും പൂനെയിലെ നാല് ഡീലര്‍ഷിപ്പുകളും വഴിയാണ് സ്കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. വെറും രണ്ട് നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചാണ് തുടക്കം ഗംഭീരമാക്കിയതെങ്കില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ 24 പുതിയ നഗരങ്ങളിലേക്ക് വിപുലീകരിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനും ബജാജ് ചേതക്കിന് സാധിക്കും. നിര്‍മാണം വര്‍ധിപ്പിക്കാനായി പൂനെക്കടുത്തുള്ള ചകാനില്‍ ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്ബനി. 2023 മുതല്‍ ഉത്പാദനം ആരംഭിക്കുന്ന ഈ സൗകര്യം ചേതക്കിനൊപ്പം കെടിഎം, ഹസ്‌ഖ്‌വര്‍ണ, ട്രയംഫ് എന്നിവയുടെ ഹൈ എന്‍ഡ് ബൈക്കുകളുടെ നിര്‍മാണത്തിനായും ഉപയോഗിക്കും.

2020-ല്‍ മൊത്തം വില്‍പ്പന 1,337 യൂണിറ്റായിരുന്നു. ഇതേ കാലയളവില്‍ പ്രധാന എതിരാളിയായ ടിവിഎസ് ഐക്യുബ് വില്‍പ്പന വെറും 290 യൂണിറ്റായി ചുരുങ്ങി. ഒരു ലക്ഷം രൂപയാണ് ബജാജ് ചേതക്കിന്റെ വില. അര്‍ബന്‍, പ്രീമിയം, എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ അവതരിപ്പിച്ച ഇലക്‌ട്രിക് സ്‌കൂട്ടര്‍ ആറ് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാനും സാധിക്കും. മെറ്റല്‍ ബോഡിയില്‍ ഒരുങ്ങിയിരിക്കുന്ന ചേതക് ഇ-സ്‌കൂട്ടറിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്ബ്, അലോയ് വീലുകള്‍, കീലെസ് ഇഗ്നിഷന്‍ തുടങ്ങിയ സവിശേഷതകളും ഇടംപിടിച്ചിട്ടുണ്ട്. അതോടൊപ്പം പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ ബാറ്ററി ശ്രേണി, ലൈവ് ബാറ്ററി ഇന്‍ഡിക്കേറ്റര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. 12 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിന് സമ്മാനിച്ചിരിക്കുന്നത്. IP67 റേറ്റഡ്, 3 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ചേതക്കിന്റെ ഹൃദയം. ഇത് 5.36 bhp പവറും 16 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇക്കോ മോഡില്‍ 95 കിലോമീറ്ററിലധികം ശ്രേണി ലഭിക്കുമ്പോൾ 85 കിലോമീറ്റര്‍ ശ്രേണിയാണ് സ്‌പോര്‍ട്ട് മോഡില്‍ വാഗ്‌ദാനം ചെയ്യുന്നത്. മുന്നിലും പിന്നിലുമായി സിംഗിള്‍ ഷോക്ക് ലിങ്ക് വഴിയാണ് സസ്പെന്‍ഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. ബജാജ് ചേതക്കിനൊപ്പം കമ്പനി മൂന്ന് വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി വാഗ്ദാനം ചെയ്യുന്നു. ബാറ്ററിയുടെ ആയുസ് 70,000 കിലോമീറ്ററാണെന്നും വിവിധ റോഡ്, കാലാവസ്ഥാ സാഹചര്യങ്ങളില്‍ പരീക്ഷിച്ചതായും പൂനെ ആസ്ഥാനമായുള്ള വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team