വിവരങ്ങളുടെ സംരക്ഷണവും, സുരക്ഷയുമായി ബന്ധപ്പെട്ട് ഗൂഗിളിനും, പേടിഎമ്മിനും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി പാര്‍ലമെന്ററി സമിതി!
ന്യൂഡല്‍ഹി : ഗൂഗിളിനും, പേടിഎമ്മിനും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി പാര്‍ലമെന്ററി സമിതി. വിവരങ്ങളുടെ സംരക്ഷണവും, സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിന്റെ ഭാഗമായാണ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. ഒക്ടോബര്‍ 29 ന് ഹാജരാകണമെന്നാണ് ഗൂഗിളിന്റെയും, പേടിഎമ്മിന്റെയും പ്രതിനിധികളോട് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഗൂഗിളിനും, പേടിഎമ്മിനും പുറമേ അടുത്ത ആഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിനും ട്വിറ്ററിനും സമിതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹാജരാകുന്ന ദിവസം വിവര സുരക്ഷയും, സംരക്ഷണവുമായി ബന്ധപ്പെട്ട് വാക്കാല്‍ തെളിവുകള്‍ നല്‍കണമെന്നാണ് സമിതിയുടെ നിര്‍ദ്ദേശം. നിര്‍ദ്ദേശ പ്രകാരം സമിതി മുന്‍പാകെ അടുത്ത ആഴ്ച ഹാജരാകുമെന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികള്‍ അറിയിച്ചു.അതേസമയം സമിതി മുന്‍പാകെ ഹാജരാകാന്‍ ആമസോണ്‍ വിസമ്മതിച്ചതായാണ് വിവരം. ഒക്ടോബര്‍ 28 ന് ഹാജരാകണമെന്നായിരുന്നു ആമോസോണിനോട് സമിതി ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാന്‍ വിസമ്മതിച്ച പശ്ചാത്തലത്തില്‍ ആമസോണിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ലോക്‌സഭയില്‍ നിന്നും 20 അംഗങ്ങളും, രാജ്യസഭയില്‍ നിന്നും 10 അംഗങ്ങളുമാണ് പാര്‍ലമെന്ററി സമിതിയില്‍ ഉള്ളത്. ബിജെപി എംപി മീനാക്ഷി ലേഖിയാണ് സമിതിയുടെ അദ്ധ്യക്ഷ.