വോട്ടെണ്ണൽ നടപടികൾ ഇങ്ങനെ  

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണൽ ഡിസംബർ 16 ന് രാവിലെ എട്ടിന് ആരംഭിക്കും. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അതാത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലെ സെക്രട്ടറിമാരും ഏർപ്പാടാക്കും. വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾതന്നെ കമ്മീഷനെയും മീഡിയ സെൻ്ററുകളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനായി ട്രെൻഡ് സോഫ്റ്റ്‌വെയറിലേക്ക് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് വിവരം അപ്‌ലോഡ് ചെയ്യും. ഇതിനായി കൗണ്ടിംഗ് സെൻ്ററിൽ ബ്ലോക്ക് വരണാധികാരിയുടെ ഹാളിനു സമീപവും നഗരസഭകളിലെ കൗണ്ടിംഗ് സെറ്റുകളിലും ഡാറ്റാ അപ്‌ലോഡിങ് സെൻ്ററിന് വേണ്ടി പ്രത്യേകം മുറി സജ്ജമാക്കും. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക്‌ ഒരു ഹാളും ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേകം കൗണ്ടിംഗ് ഹാളുകളും മുറികളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിൽ ഓരോ വരണാധികാരിക്കും പ്രത്യേക കൗണ്ടിങ് ഹാൾ സജ്ജമാക്കും. ഓരോ ഗ്രാമ പഞ്ചായത്തിന്റെയും കൗണ്ടിംഗ് ഹാളിൽ വരണാധികാരിക്കുള്ള വേദിക്ക് സമീപം വോട്ടെണ്ണൽ, ടാബുലേഷൻ, പാക്കിങ് എന്നിവയ്ക്ക് പ്രത്യേകം മേശകൾ സജ്ജീകരിക്കും.


പരമാവധി 8 പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടിംഗ് ടേബിൾ എന്ന രീതിയിലാണ് കൗണ്ടിംഗ് മേശകൾ സജ്ജീകരിക്കുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെ ക്രമീകരിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായതിന്റെയും പോസ്റ്റൽ വോട്ടുകൾ അതാത് വരണാധികാരികൾ മാത്രമാണ് എണ്ണുക. കൗണ്ടിംഗ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കി കൺട്രോൾ യൂണിറ്റുകൾ സ്ട്രോങ് റൂമിൽ നിന്നും ഏറ്റുവാങ്ങി വോട്ടെണ്ണൽ നടത്തും. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ ആയിരിക്കും വോട്ടെണ്ണുക. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകൾ ഉണ്ടെങ്കിൽ അവ ഒരു ടേബിളിൽ എണ്ണും.


ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാർ എന്ന ക്രമത്തിൽ സ്റ്റാഫിനെ നിയമിക്കും. നഗരസഭകളിൽ ഒരു സൂപ്പർവൈസറെയും ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്നെയും നിയമം നിയമിക്കും. വോട്ടെണ്ണൽ പൂർത്തിയായി ഫോറം 25ലെ റിസൾട്ട് ഷീറ്റ് തയ്യാറാക്കുന്ന മുറയ്ക്ക് ഓരോ ഗ്രാമപഞ്ചായത്ത് വാർഡിലെയും ഫലപ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വരണാധികാരി നടത്തും. ബ്ലോക്ക് പഞ്ചായത്ത്‌ വരണാധികാരി വിവിധ ഗ്രാമ പഞ്ചായത്ത്‌ കൗണ്ടിങ് മേശകളിൽ നിന്നും ലഭിക്കുന്ന ടാബുലേഷൻ ഷീറ്റുകളുടെ അടിസ്ഥാനത്തിൽ ഓരോ ബ്ലോക്ക് വാർഡിലെയും വോട്ടുകൾ ക്രമീകരിച്ച് ആ ബ്ലോക്ക് വാർഡുകളുടെ ഫലപ്രഖ്യാപനം നടത്തും. വോട്ടെണ്ണലിനു ശേഷം ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിമാരും മുനിസിപ്പൽ സെക്രട്ടറിമാരും ഡിസംബർ 17 ന് തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും ജില്ലാ കേന്ദ്രങ്ങളിലെ ഗോഡൗണുകളിൽ തിരികെ ഏൽപ്പിക്കും. കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായും പാലിച്ചു കൊണ്ടാണ് ഈ പ്രവർത്തനങ്ങൾ നടക്കുക

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team