ശിശു പരിപാലനം; ഇനിമുതൽ സർക്കാർ ഉദ്യോഗസ്ഥരായ പുരുഷൻമാർക്കും അവധി എടുക്കാം
കുട്ടികളെ തനിച്ച് വളർത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശിശു സംരക്ഷണ അവധി (സിസിഎൽ) ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അവിവാഹിതർ, ഭാര്യ മരിച്ചവർ, വിവാഹമോചിതർ എന്നിവരടങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കാണ് കുട്ടികളെ പരിപാലിക്കുന്നതിനായി അവധി എടുക്കാനാകുക. ശിശു സംരക്ഷണ അവധിയുടെ ആനുകൂല്യങ്ങൾ സിംഗിൾ രക്ഷകർത്താക്കൾ ആയിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായ പുരുഷൻമാർക്ക് മാത്രമേ ലഭ്യമാവുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പുരോഗമനപരമായ പരിഷ്കരണമാണിത്. തീരുമാനവുമായി ബന്ധപ്പെട്ട് നേരത്തെ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നെങ്കിലും പൊതുമേഖലയിൽ വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ ഉദ്യോഗസ്ഥർക്ക് ശിശു പരിപാലന അവധിയിൽ പ്രവേശിക്കാം. ശിശു സംരക്ഷണ അവധിയിലാണെങ്കിലും ജീവനക്കാർക്ക് ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
ശിശുപരിപാലന അവധിയിൽ പ്രവേശിക്കുന്നവർക്ക് ഒരുവർഷത്തേക്ക് (365 ദിവസത്തേക്ക്) മുഴുവൻ ശമ്പളവും ലഭിക്കും. രണ്ടാമത്തെ വർഷം അവധിയിൽ പ്രവേശിക്കുന്നവർക്ക് 80 ശതമാനം ശമ്പളം മാത്രമേ ലഭിക്കുകയുള്ളൂ. ഭിന്നശേഷിക്കാരായ കുട്ടികളുള്ള മാതാപിതാക്കളുടെ കാര്യത്തിൽ, കുട്ടിക്ക് 22 വയസ് തികയുന്നത് വരെ മാത്രമേ അവധി ലഭിക്കുകയുള്ളൂ.