സംഭാവനയായി നൽകുന്ന തുകയ്ക്കും നികുതി ആനുകൂല്യം ലഭിക്കും, അറിയേണ്ട കാര്യങ്ങൾ  

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം അടുത്തിരിക്കുകയാണ്. അതിനാൽ കഴിയുന്നത്ര നികുതി ലാഭിക്കാനുള്ള വഴികൾ തിരയുന്ന തിരക്കിലാണ് ആളുകൾ. ആദായനികുതി നിയമത്തിലെ 80 ഡി, 80 സി വകുപ്പുകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇതിനകം നിങ്ങൾ നേടിയിട്ടുണ്ടാകും. ഏതെങ്കിലും ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങി സെക്ഷൻ 80 ഡി പ്രകാരമുള്ള നികുതി ലാഭിക്കാം. ഇതുകൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ജി പ്രകാരവും നികുതി ആനുകൂല്യങ്ങൾ നേടാനാകും. ഇതുപ്രകാരം സംഭാവന നൽകുന്ന തുകയ്ക്ക് നികുതി ആനുകൂല്യം

സെക്ഷൻ 80 ജി പ്രകാരം നിർദ്ദിഷ്ട ദുരിതാശ്വാസ ഫണ്ടുകൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും നൽകുന്ന സംഭാവനകൾക്ക് നികുതി ഈടാക്കില്ല. കൂടാതെ ഈ സംഭാവന മൊത്ത വരുമാനത്തിൽനിന്ന് കിഴിക്കാനുള്ള അവസരം നൽകും. എന്നാൽ ആദായനികുതി വകുപ്പ് അംഗീകരിച്ച സ്ഥാപനങ്ങളിൽ നൽകിയിട്ടുള്ള സംഭാവനകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക എന്ന കാര്യ പ്രത്യേകം ശ്രദ്ധിക്കണം. ആദായനികുതി വകുപ്പിന്റെ നിർദ്ദിഷ്ട ലിസ്റ്റിലുള്ള ഏതെങ്കിലും സ്ഥാപനത്തിലാണ് സംഭാവന നൽകിയതെങ്കിൽ നിങ്ങൾക്ക് 100 ശതമാനം കിഴിവ് ക്ലെയിം ചെയ്യാനാകും

സെക്ഷൻ 80 ജി പ്രകാരമുള്ള കിഴിവ് ഏതെങ്കിലും പ്രത്യേക വിഭാഗത്തിനായി പരിമിതപ്പെടുത്തിയിട്ടില്ല. അറിയിപ്പ് ലഭിച്ച സ്ഥാപനങ്ങൾക്കും സർക്കാർ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടുകൾക്കും സംഭാവന നൽകുന്ന ഏതൊരു വ്യക്തിക്കും ഈ കിഴിവ് പ്രയോജനപ്പെടുത്താം. കൂടാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനയും ഐ-ടി നിയമത്തിലെ 80 ജിജിസി പ്രകാരം കിഴിവായി നേടാം. എന്നാൽ വിദേശ ട്രസ്റ്റുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നൽകുന്ന സംഭാവനയ്ക്ക് ഈ വകുപ്പിന് കീഴിൽ കിഴിവ് നേടാൻ സാധിക്കില്ല

ചെക്ക് അല്ലെങ്കിൽ പണമായി നൽകുന്ന സംഭാവനകൾക്ക് മാത്രമേ സെക്ഷൻ 80 ജി പ്രകാരം കിഴിവ് നേടാനാകുകയുള്ളൂ. 2018-19 സാമ്പത്തിക വർഷത്തിൽ പണമായി സംഭാവന നൽകിയാൽ ഒരു വ്യക്തിക്ക് പരമാവധി 2,000 രൂപവരെ കിഴിവ് ലഭിക്കും. ചെക്ക് അല്ലെങ്കിൽ ഡിജിറ്റൽ പേയ്‌മെന്റ് രീതികളിലൂടെ സംഭാവന നടത്തുകയാണെങ്കിൽ പരിധിയില്ലാതെ കിഴിവ് നേടാനാകും.

നേരത്തെ പണമായി സംഭാവന നൽകിയാൽ പരമാവധി 10,000 രൂപ വരെയായിരുന്നു കിഴിവ് ലഭിച്ചിരുന്നത്. എന്നാൽ വ്യാജ സംഭാവന രസീതുകൾ സമർപ്പിച്ച് വ്യാപാകമായി നികുതി ഇളവ് നേടുന്നത് ശ്രദ്ധയിൽപ്പെടുകയും ഇത് തടയുന്നതിനായി 2017ലെ കേന്ദ്ര ബജറ്റിൽ നികുതി ഇളവ് തുക 2,000 രൂപയായി കുറയ്ക്കുകയും ചെയ്തു. വസ്ത്രം, ഭക്ഷണം തുടങ്ങിയവയിലുള്ള സംഭാവനകൾക്ക് ഈ വകുപ്പ് പ്രകാരം കിഴിവ് ലഭിക്കില്ല.

കിഴിവ് ലഭിക്കുന്നതിന്, സംഭാവന നൽകിയ ട്രസ്റ്റ് / ഡീഡ് എന്റിറ്റി നൽകിയ സ്റ്റാൻഡേർഡ് രസീത് സമർപ്പിക്കണം. രസീതിൽ ട്രസ്റ്റിന്റെ പേര്, വിലാസം, പാൻ നമ്പർ, ട്രസ്റ്റിന്റെ രജിസ്ട്രേഷൻ നമ്പർ, ദാതാവിന്റെ പേര്, സംഭാവന ചെയ്ത തുക എന്നിവ വാക്കുകളിലും കണക്കുകളിലും എഴുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. കിഴിവ് ക്ലെയിം ചെയ്യുന്നതിന് ഐടിആർ ഫയൽ ചെയ്യുന്ന സമയത്ത് ഈ വിശദാംശങ്ങൾ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team