സംരംഭക കൂട്ടായ്മ ബിസ്‌ബേയുടെ കോവിഡിന് ശേഷം എന്ന സർവ്വേ പ്രസിദ്ധീകരിച്ചു!
കേരളത്തിലെ സംരംഭകരുടെ ക്ഷേമവും,ഉന്നമനവും ലക്ഷ്യമിട്ട് കഴിഞ്ഞ ഒന്നര വർഷക്കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വ്യാപാര സാമൂഹ്യ കൂട്ടായ്മയായ ബിസ്ബേ (BizBay) കോവിഡാനന്തര വ്യാപാര മേഖലയെ കുറിച്ച് സർവ്വേ നടത്തി.
വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സംഘടനയുടെ ആയിരക്കണക്കിന് അംഗങ്ങൾക്കിടയിൽ വാട്ട്സ്ആപ്പ് വഴിയാണ് സർവ്വെ പൂർത്തീകരിച്ചത്. കച്ചവട,സേവന രംഗത്ത് 22 മേഖലകളിൽ ഉൾപ്പെടുന്ന ആളുകളാണ് ഇതിൽ പങ്കാളികളായത്.
കോവിഡിന് ശേഷം പഴയ രീതിയിൽ വ്യാപാര മേഖല തിരിച്ചു വരുമോ എന്ന ചോദ്യത്തിന് അതെ എന്ന് 42.2 % പേരും ഇല്ല എന്ന് 39.7 %ഉം പറയാൻ കഴിയില്ല എന്ന് 18.1% ആളുകളും അഭിപ്രായപ്പെട്ടു. എന്നാൽ തിരിച്ചു വരവിന് ചുരുങ്ങിയത് 6 മാസം സമയമെടുക്കുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.mമാർക്കറ്റുകളിൽ കിട്ടാനുള്ള പണത്തിന്റെ തിരിച്ചു വരവിന് കാലതാമസം നേരിടുമെന്ന് 86.8% പേർ അഭിപ്രായപ്പെട്ടു.അതിനാൽ തന്നെ മൊറട്ടോറിയം 6 മാസമായി ഉയർത്തണമെന്നും ഭൂരിപക്ഷം പേരും ആവശ്യം ഉന്നയിച്ചു.
ധനകാര്യ സ്ഥാപനങ്ങളുടെ അധിക സാമ്പത്തിക സഹായമില്ലാതെ ഇനി മുൻപോട്ടു പോകുന്നത് പ്രയാകരമാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. കോവിഡിന് ശേഷം തൊഴിലാളികളുടെ വേതന വ്യവസ്ഥയിൽ മാറ്റം വരുമെന്ന് 50.4% ഉം ഇല്ല എന്ന് 24%ഉം ഇപ്പോൾ പറയാനാവില്ലെന്ന് 25.6% പേരും പറഞ്ഞൂ. പ്രവാസികൾക്ക് വ്യാപക തൊഴിൽ നഷ്ടം ഉണ്ടാകുമെന്നും കേരളത്തിൽ തിരിച്ചെത്തുന്ന ലക്ഷകണക്കിന് ആളുകളുടെ തുടർ ജീവിതത്തിൽ കടുത്ത ആശങ്ക നില നിൽക്കുന്നതായും ഭൂരിപക്ഷ അഭിപ്രായം ഉയർന്നു.
വാടക ഉൾപ്പെടെയുള്ള ബാധ്യതകൾക്ക് പണം കണ്ടെത്താൻ ഏറെ പ്രയാസപ്പെടുമെന്നും അതിനാൽ കൂടുതൽ സാവകാശം വേണ്ടി വരുമെന്നും അഭിപ്രായ സർവ്വെയിൽ പങ്കെടുത്ത കൂടുതൽ പേർ ആവശ്യപ്പെട്ടു. കോവീഡിന് ശേഷം മന്ദഗതിയിലാവുന്ന കച്ചവടരംഗത്ത് നിന്ന് കരകയറാൻ തൊഴിലാളികളെയും ശമ്പളവും കുറക്കുക,സ്റ്റോക്ക് വേഗത്തിൽ വിറ്റഴിക്കുക, ഉല്പാദനം കുറക്കുക,GST കുറവ് വരുത്തുക, ബാങ്ക് പലിശ ഗണ്യമായി കുറക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ ആണ് സർവ്വേയിൽ പങ്കെടുത്തവർ മുന്നോട്ട് വെച്ചത്.