സംരംഭക വളര്‍ച്ചയ്ക്ക് കേരളം ഏറെ ആനുയോജ്യമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി!
കൊച്ചി: സംരംഭക വളര്‍ച്ചയ്ക്ക് കേരളം ഏറെ ആനുയോജ്യമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. സംരംഭ മേഖലയില്‍ കേരളത്തിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്‌ത ത്രിദിന ടൈകോണ്‍ കേരള-2020 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.തീരദേശ മേഖലയ്ക്കുള്ള ഭൂമിശാസ്ത്രപരമായ സാദ്ധ്യതകള്‍ വഴി വലിയ നേട്ടങ്ങള്‍ കേരളത്തിന് കൈവരിക്കാമെന്ന് ഗഡ്‌കരി പറഞ്ഞു. രാജ്യത്തുടനീളം വര്‍ദ്ധിക്കുന്ന കണക്ടിവിറ്റി സൗകര്യങ്ങള്‍ വഴിയുള്ള അവസരങ്ങളും അനവധിയാണെന്നും അദ്ദേഹം പറഞ്ഞു.ടൈകേരള പ്രസിഡന്റ് അജിത് മൂപ്പന്‍ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.സംരംഭകരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് വളര്‍ച്ചയ്ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യും. നിക്ഷേപകര്‍, ഉപദേഷ്ടാക്കള്‍, ബിസിനസ് പങ്കാളികള്‍ എന്നിവരുമായി കൂടിക്കാഴ്ചയ്ക്കും ടൈക്കോണ്‍ അവസരമൊരുക്കും. ടൈകോണ്‍ ഡയറക്ടറും കണ്‍വീനറുമായ ഹരികൃഷ്‌ണന്‍ നായര്‍, ചാര്‍ട്ടര്‍ മെമ്ബര്‍ സന്തിത്ത് തണ്ടാശേരി എന്നിവര്‍ സംസാരിച്ചു.