സംസം ജലം ഇനി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും! ലുലു ഗ്രൂപ്പിന് ഇത് അംഗീകാരം
മക്ക: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുസ്ലിം പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും കടുത്ത നിയന്ത്രണങ്ങളാണ് സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉംറ തീര്‍ത്ഥാടനം നേരത്തെ തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ കൊല്ലത്തെ ഹജ്ജ് നടപടികളെക്കുറിച്ച് ഇതുവരെ തീരുമാനങ്ങള്‍ ഒന്നും ആയിട്ടില്ല.
റംസാന്‍ മാസത്തിലും മക്ക, മദീന ഹറം പള്ളികളില്‍ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്. ഇരു ഹറമുകളിലും റംസാനിലെ പ്രത്യേക നമസ്കാരമായ തറാവീസ് നടക്കുന്നുണ്ടെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. ഇതിനിടയിലാണ് സംസം ജലം വിതരണം ചെയ്യുന്നതിനായി ഭരണ കൂടം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തിയത്. കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണല്‍ വാട്ടര്‍ കമ്ബനിയുടെ സഹകരണത്തോടെയാണ് പദ്ധതി.
സൗദി അറേബ്യയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഹറം കാര്യ വകുപ്പ് പദ്ധതി പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി 5 ലിറ്റര്‍ സംസം കാനുകള്‍ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തി. ഈ ആഴ്ച അവസാനത്തോടെ വിതരണം ആരംഭിക്കും.
പദ്ധതി പ്രകാരം സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സംസം ജലം ലഭ്യമാവും. വിതരണക്കരാറില്‍ ഇരുവിഭാഗവും കഴിഞ്ഞ ദിവസം ഒപ്പു വെച്ചു. ഹറം കാര്യ വകുപ്പിനെ പ്രതിനിധീകരിച്ച് നാഷണല്‍ വാട്ടര്‍ കമ്ബനി ചീഫ് എക്സിക്യൂട്ടീ ഓഫീസര്‍ എന്‍ജിനീയര്‍ മുഹമ്മദ് അല്‍ മൗക്കാലിയും ലുലുവിനെ പ്രതിനിധീകരിച്ച ജിദ്ദ റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖുമാണ് ഒപ്പ് വെച്ചത്.
ഹറം വകുപ്പ് നിര്‍ദ്ദേശമനുസരിച്ച് സംസം ജലം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ഒരു കാന്‍ വീതമായിരിക്കും ലഭിക്കുകയെന്നാണ് അറിയാന്‍ കഴിയുന്നത്. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളോടെയാണ് ലുലു ഉള്‍പ്പടേയുള്ള സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രവര്‍ത്താനുമതിയുള്ളത്.