സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പ, നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു!
കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പ, നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. പ്രാഥമിക വായ്പ സഹകരണ സംഘങ്ങള്‍(സര്‍വീസ് സഹകരണ ബാങ്കുകള്‍), മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നിവ വിതരണം ചെയ്യുന്ന കാര്‍ഷികേതര വായ്പകള്‍ക്കും അനുബന്ധ വായ്പകള്‍ക്കും ഇീടാക്കുന്ന പലിശ നിരക്കും സ്ഥിര നിക്ഷേപ പലിശ നിരക്കുമാണ് കുറച്ചത്. ഇതനുസരിച്ചു ഭവന വായ്പകള്‍ക്ക് അര ശതമാനം വരെ പലിശ കുറയും. വിദ്യാഭ്യാസ, സ്വര്‍ണ, വ്യവസായ, ചികിത്സാ വായ്പകള്‍ അടക്കമുള്ള മറ്റു വായ്പകള്‍ക്കും പലിശ കുറച്ചിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക സ്കീമില്‍ ഉള്‍പ്പെടുന്ന വായ്പകള്‍ക്ക് ഈ നിരക്കുകള്‍ ബാധകമല്ല.8.50- 12.00 ശതമാനം വരെയാണ് വിവിധ വായ്പാ നിരക്കുകള്‍. വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് അര ശതമാനം വീതം പലിശ കുറച്ചിട്ടുണ്ട്. 4.50 -6.75 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും. സേവിങ്സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയിട്ടില്ല. പലിശ നിര്‍ണയ ഉപസമിതിയുടെ തീരുമാന പ്രകാരമാണ് മാറ്റം വരുത്തിയത്.