സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗസ്റ്റില്‍ വന്‍നിക്ഷേപം!  

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ മേല്‍നോട്ടത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളായ ഫാര്‍മേഴ്സ് ഫ്രെഷ് സോണും ക്ലൂട്രാക്കും 36 കോടി രൂപയുടെ നിക്ഷേപം നേടി.ലോകത്താകമാനം കൊവിഡ് മഹാമാരി പ്രത്യാഘാതം സൃഷ്ടിക്കുമ്ബോഴും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗസ്റ്റില്‍ വന്‍നിക്ഷേപമാണ് സ്വന്തമാക്കാനായത്.

ഉപഭോക്താവിന്‍റെ താല്‍പര്യങ്ങള്‍ തത്സമയം മനസ്സിലാക്കാന്‍ ബ്രാന്‍ഡുകളെ സഹായിക്കുന്ന വിശകലന പ്ലാറ്റ് ഫോമായ ക്ലൂട്രാക്കാണ് 30 കോടി രൂപയുടെ നിക്ഷേപം നേടിയത്. കര്‍ഷകരില്‍ നിന്നും നേരിട്ട് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച്‌ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പായ ഫാര്‍മേഴ്സ് ഫ്രെഷ് സോണ്‍ ആറ് കോടി രൂപയുടെ നിക്ഷേപവും കരസ്ഥമാക്കി.

ഇന്‍വെന്‍റസ് ക്യാപ്പിറ്റല്‍ ഇന്ത്യ, നിലവിലെ നിക്ഷേപകരായ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്, ഐഎഎന്‍ ഫണ്ട്, സലാമാണ്ടര്‍ എക്സ്കുബേറ്റര്‍ എയ്ഞ്ചല്‍ ഫണ്ട് എന്നിവയും ജിഫി.എഐ സിഇഒ ബാബു സദാശിവനും ചേര്‍ന്ന് നയിച്ച സീരീസ് എ ഫണ്ടിംഗിലാണ് ക്ലൂട്രാക്കിന് നേട്ടമുണ്ടായത്. ആകെ 4.6 മില്യണ്‍ ഡോളര്‍ ക്ലൂട്രാക്കിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഷമീല്‍ അബ്ദുള്ളയും സുബ്ബകൃഷ്ണ റാവുവും ചേര്‍ന്ന് 2017 ലാണ് ക്ലൂട്രാക്കിന് തുടക്കമിട്ടത്.

നിക്ഷേപത്തുകയുടെ ഭൂരിഭാഗവും ഉല്‍പ്പന്ന വികസനത്തിനായി ഉപയോഗിക്കുമെന്നും സാധ്യമായ ഇടങ്ങളില്‍ നിന്നും വിവരശേഖരണത്തിനാണ് തുടര്‍ന്നുള്ള ശ്രമമെന്നും ഷമീല്‍ അബുദുള്ള പറഞ്ഞു.

ബാങ്കിംഗ്, ഓട്ടോമോട്ടീവ്, ട്രാവല്‍, മൊബൈല്‍ ആപ്പ് അധിഷ്ഠിത സേവന മേഖലകളിലാണ് നൂറ്റിയന്‍പതിലധികം ഉപഭോക്താക്കളുമായി ക്ലൂട്രാക്ക് പ്രവര്‍ത്തിക്കുന്നത്. ചില്ലറ വ്യാപാരമേഖലയിലും ഉപഭോക്താക്കളുമായി നേരിട്ടും സ്ഥാപനത്തിന് ബന്ധമുണ്ട്. പ്രധാനമായും ഇന്ത്യയിലാണ് പ്രവര്‍ത്തനമെങ്കിലും അമേരിക്കയിലും യൂറോപ്പിലും സ്ഥാപനത്തിന് സാന്നിദ്ധ്യമുണ്ട്.

ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് (ഐഎഎന്‍) നയിച്ച റൗണ്ടില്‍ ഐഎഎന്‍ ഫണ്ട്, മലബാര്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, നേറ്റീവ് എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് എന്നിവ പങ്കെടുത്ത പ്രീസീരീസ് എ റൗണ്ടിലാണ് ഫാര്‍മേഴ്സ് ഫ്രെഷ് സോണ്‍ നിക്ഷേപം നേടിയത്. ഇതുവരെ 8.5 കോടി രൂപയുടെ നിക്ഷേപം ഈ സ്റ്റാര്‍ട്ടപ്പ് നേടിയിട്ടുണ്ട്. പ്രാരംഭത്തില്‍ എഞ്ചിനീയറും പിന്നീട് കാര്‍ഷിക സംരംഭകനുമായി മാറിയ പ്രദീപ് പിഎസ് ആണ് 2015 ല്‍ സ്ഥാപനത്തിന് തുടക്കമിട്ടത്.

ഗ്രാമങ്ങളിലെ കര്‍ഷകരെ നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുകയാണ് ഫാര്‍മേഴ്സ് ഫ്രെഷ് സോണ്‍ ചെയ്യുന്നത്. ഉല്‍പ്പന്നങ്ങളുടെ ഉറവിടം മുതല്‍ കൃഷിയിടം വരെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ വിപണന പ്ലാറ്റ് ഫോം കര്‍ഷകര്‍ക്ക് കൃത്യമായ വില ഉറപ്പാക്കുന്നുണ്ട്.

പാഴാക്കല്‍ ഒഴിവാക്കാനായി വിപണിയിലെ ആവശ്യത്തിന് അനുസൃതമായ വിവരങ്ങള്‍ കര്‍ഷകരെ മുന്‍കൂട്ടി അറിയിക്കുന്നുണ്ടെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പ്രദീപ് പിഎസ് പറഞ്ഞു. മുന്‍നിര നിക്ഷേപകരില്‍ നിന്നും നിക്ഷേപം സ്വീകരിക്കാനായതില്‍ സന്തോഷമുണ്ട്. ഇതിനായി സജ്ജമാക്കുന്നതില്‍ കെഎസ് യുഎം മുഖ്യ പങ്കുവഹിച്ചു. വരും വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യയിലെ ഫലവര്‍ഗ്ഗ – പച്ചക്കറി വിപണിയില്‍ മുന്‍നിരയിലെത്തുകയാണ് ലക്ഷ്യം. ആരോഗ്യ-സുഖചികിത്സാ സംബന്ധിയായ ഉല്‍പ്പന്നങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂവായിരത്തിലധികം കര്‍ഷകരുമായി നഗരങ്ങളിലെ ഉപഭോക്താക്കളെ ഫാര്‍മേഴ്സ് ഫ്രെഷ് സോണ്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ തമിഴ്നാട്ടിലേക്കും സേവനം വ്യാപിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കൊച്ചി, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team