സംസ്ഥാനത്തെ 11,163 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറി  

കാസര്‍ഗോഡ്‌: ഹരിതകേരള മിഷനിലൂടെ സംസ്ഥാനത്ത് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം ക്യാമ്ബയിനിന്റെ ഭാഗമായി സംസ്ഥാനത്തെ 11,163 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറി. സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ തോടുകളും നദികളും കുളങ്ങളും കായലുകളും മറ്റ് നീര്‍ച്ചാലുകളുമെല്ലാം മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ശീലത്തിന് മാറ്റം വരുത്താന്‍ ഹരിതകേരള മിഷനിലൂടെ സാധിച്ചുവെന്നും ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കേരളത്തില്‍ പുതിയ സംസ്‌ക്കാരം വളര്‍ത്താന്‍ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടന്ന ഹരിത ഓഡിറ്റിങ്ങില്‍ തിരഞ്ഞെടുത്ത ഹരിത ഓഫീസുകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു.മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രഖ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് ജില്ലയില്‍ തിരഞ്ഞെടുത്ത 653 ഹരിത ഓഫീസുകള്‍ക്കുള്ള അനുമോദനവും 100 മാര്‍ക്ക് ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള സാക്ഷ്യപത്ര വിതരണവും റവന്യു വകുപ്പ് മന്ത്രി .ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധനയിലൂടെ വിലയിരുത്തി സര്‍ട്ടിഫിക്കേഷന്‍ ചെയ്യുകയും ന്യൂനതകളുണ്ടെങ്കില്‍ പരിഹരിക്കുന്നതിനും മികച്ച രീതിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഓഫീസുകള്‍ക്ക് ഗ്രേഡ് നല്‍കി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ബാബു മുഖ്യ പ്രഭാഷണം നടത്തി. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ സ്വാഗതവും ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി.എ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team