സപ്ലൈകോ ടെണ്ടര്‍ മാനദണ്ഡങ്ങളെക്കുറിച്ചുളള പ്രചരണത്തില്‍ അടിസ്ഥാനമില്ല
സപ്ലൈകോ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാലുമാസത്തേക്ക് റേഷന്‍ കാര്‍ഡുടമകള്‍ക്കായി നല്‍കുന്ന കിറ്റിലെ ഉല്പന്നങ്ങള്‍ക്ക് ടെണ്ടര്‍ നല്‍കുന്നതില്‍ നിന്ന് ചെറുകിടക്കാരെ ഒഴിവാക്കിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന് സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.
സി സി ഐ എസ് (സെന്‍ട്രലി കണ്‍സോളിഡേറ്റഡ് ഇന്‍ഡെന്‍റിങ് സിസ്റ്റം), സി എല്‍ സി ( സെന്‍ട്രലി ലിസ്റ്റഡ് കമ്പനീസ്), എല്‍ എല്‍ സി (ലോക്കലി ലിസ്റ്റ്ഡ് കമ്പനീസ്), എന്നിവര്‍ക്കും കൂടാതെ, കേരളത്തിലെ ഉല്പാദകര്‍ക്കും ടെണ്ടറില്‍ പങ്കെടുക്കാനവസരമുണ്ട്. അവര്‍ കേരളത്തിലായതുകൊണ്ട് അവരുടെ ഉല്പന്നങ്ങള്‍ കൃത്യമായി പരിശോധിക്കാനും വിലയിരുത്താനും സര്‍ക്കാരിനവസരമുണ്ട്.
സംസ്ഥാനത്തിനകത്ത് തൊഴിലവസരങ്ങള്‍ ഇതുമൂലം സംജാതമാകും. അവരുമായി അനുമതി പത്രമുണ്ടാക്കാനും കൃത്യമായി പരിശോധിക്കാനും കഴിയുമെന്നതിനാലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്. കൂടാതെ ഇവര്‍ക്ക് കുടിശിക തുക നല്‍കാനുമുണ്ട്. മറ്റുള്ളവര്‍ അന്യസംസ്ഥാനത്തു നിന്നു കൊണ്ടു വരുന്ന ഉല്പന്നങ്ങളായിരിക്കും വിതരണം ചെയ്യുക. ഗുണനിലവാരമില്ലാത്ത അത്തരം ഉല്പന്നങ്ങള്‍ നല്‍കിയാല്‍ അത് സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സപ്ലൈകോ മാനദണ്ഡങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതെന്നും സി എം ഡി അറിയിച്ചു.
ചെറുകിടക്കാരെ തഴയാനോ മാറ്റി നിര്‍ത്താനോ വേണ്ടിയല്ല. ഗുണനിലവാരത്തോടുകൂടി ജനങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കണമെന്ന ഉദ്ദ്യേശമേയുളളൂ. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളുള്ളവരുടെ ഉല്പന്നങ്ങള്‍ക്ക് എന്തെങ്കിലും കാരണവശാല്‍ നിലവാര പ്രശ്നമുണ്ടായാല്‍ നിയമ നടപടിയ്ക്കും പിഴ ഈടാക്കുവാനും കഴിയുമെന്ന കാരണത്താല്‍ മാത്രമാണ് സപ്ലൈകോ ഇത്തരം നടപടിയ്ക്കൊരുങ്ങിയിട്ടുളളത്. മറ്റെല്ലാം അഭ്യൂഹങ്ങളില്‍ നിന്നുണ്ടായ പ്രചരണമാണെന്നും ഇതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്ക്കണമെന്നും സി എം ഡി അഭ്യര്‍ത്ഥിച്ചു.