സമദാനിക്ക് ഡോക്ടറേറ്റും.
എം.പി. അബ്ദുസ്സമദ് സമദാനിക്ക് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി. ജെ.എന്‍.യുവിലെ ഫിലോസഫി സെന്‍ററില്‍ മാനവമഹത്വത്തിന്‍്റെ ദാര്‍ശനികതത്ത്വത്തെ ആധാരമാക്കി നടത്തിയ ഗവേഷണത്തിനാണ് പി.എച്ച്.ഡി ബിരുദം. പ്രശസ്ത തത്വശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. രാഘവേന്ദ്ര പ്രതാപ് സിങ്ങിന്‍െറ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.ഫാറൂഖ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എയും രണ്ടാം റാങ്കോടെ എം.എയും പാസ്സായ സമദാനി കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് എം.ഫില്‍ ബിരുദവും കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് എല്‍.എല്‍.ബിയും നേടിയിട്ടുണ്ട്. എംഫില്‍ ഡിസര്‍ട്ടേഷന് ഡോക്ടര്‍ എം.ജി.എസ്. നാരായണനായിരുന്നു ഗൈഡ്.ലോക്സഭാംഗമായ സമദാനി രണ്ടുതവണ രാജ്യസഭാംഗവും (1994-2000, 2000-2006) ഒരു തവണ നിയമസഭാംഗമായിരുന്നു (2011-2016). മാനവവിഭവശേഷി സ്റ്റാന്‍റിങ് കമ്മിറ്റിയോട് ബന്ധപ്പെട്ട ഉന്നതവിദ്യാഭ്യാസ പാര്‍ലമെന്‍ററി ഉപസമിതിയുടെ കണ്‍വീനറായും കേന്ദ്ര സര്‍ക്കാറിന്‍െറ വിദ്യാഭ്യാസ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗമായിരുന്നു. പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായ സമദാനി ഇപ്പോള്‍ ഐ.യു.എം.എല്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും മൗലാനാ ആസാദ് ആള്‍ ഇന്‍ഡ്യാ ഫൗണ്ടേഷന്‍െറയും ഇന്‍ഡ്യന്‍നസ്സ് അക്കാദമിയുടെയും ഡോ. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍്റെയും ചെയര്‍മാനുമായി പ്രവര്‍ത്തിച്ചുവരുന്നു. ഗാന്ധിയന്‍ സെന്‍്റര്‍ ഓഫ് ഇന്‍ഡോളജിയുടെയും കാന്‍്റിയന്‍ സെന്‍്റര്‍ ഓഫ് ഫിലോസഫിയുടെയും ഡയറക്ടറും അന്‍ജുമന്‍ തര്‍ഖിയെ ഉര്‍ദു കേരള ശാഖാ പ്രസിഡന്‍്റും കേരള സംസ്കൃത പ്രചാര സമിതി രക്ഷാധികാരിയുമാണ്. ഗ്രന്ഥകാരനും കോളമിസ്റ്റുമായ അദ്ദേഹം പത്തിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.