സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍.
തിരുവനന്തപുരം. ഓണം പടി വാതില്ക്കല് എത്തി നില്‍ക്കുമ്ബോഴും സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. ജൂലൈ 31 ന് ആരംഭിച്ച കിറ്റ് വിതരണം ഓഗസ്റ്റ് 16 ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.
എന്നാല്‍ ഇതുവരെ സംസ്ഥാനത്തെ 20 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയിട്ടുള്ളത്. സാധനങ്ങളുടെ ലഭ്യതക്കുറവും, പാക്കിങ്ങിലെ കാലതാമസവുമാണ് വിതരണം വൈകാനുള്ള കാരണമെന്ന് അധികൃതര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ചെറുപയര്‍, കടല, അണ്ടിപ്പരിപ്പ് തുടങ്ങിയവയുടെ ലഭ്യതക്കുറവാണ് കൂടുതലായുള്ളത്. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് റേഷന്‍ കടയുടമകള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.കിറ്റ് പ്രതീക്ഷിച്ചെത്തി ഭൂരിഭാഗം ആളുകളും വെറും കൈയോടെ മടങ്ങുന്നതായും കടയുടമകള്‍ പറയുന്നു.
മുന്‍ഗണനാ പട്ടികയനുസരിച്ച് മഞ്ഞ, പിങ്ക് എന്നീ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം വിതരണം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഈ രണ്ട് വിഭാഗത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. എട്ട് ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് ലഭിച്ചിട്ടുള്ളത്.