സഹകരണ സംഘം അംഗങ്ങൾക്ക് തിരിച്ചടയ്ക്കാതെ ഇനി നേടാം 50,000 രൂപ വരെ ചികിത്സാ സഹായം  

സഹകരണ സംഘങ്ങളിലെ എ ക്ലാസ് മെമ്പർമാർക്ക് സഹായത്തിന് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരോ ആശ്രിതരോ ആനുകൂല്യത്തിന് അർ‌ഹരല്ല. ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും സഹകരണ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

കൊച്ചി: മാരക രോഗബാധിതരായ സഹകരണ സംഘം അംഗങ്ങൾക്ക് 50,000 രൂപ വരെയുള്ള തിരിച്ചടയ്ക്കേണ്ടാത്ത ധനസഹായം ലഭിക്കും. പരാലിസിസ് / അപകടം എന്നിവ മൂലം കിടപ്പിലായവർ, അർബുദ രോഗികൾ, വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യുന്നവർ, എച്ച്ഐവി ബാധിതർ, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർ, കരൾ സംബന്ധമായ ഗുരുതര അസുഖം ബാധിച്ചവർ, വാഹനാപകടത്തിൽ അംഗവൈകല്യം സംഭവിച്ചവർ, അപകടത്തിൽ മരിക്കുകയോ കിടപ്പിലാകുകയോ ചെയ്ത അംഗങ്ങളുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട കുട്ടികൾ, പ്രകൃതിദുരന്തങ്ങളിൽപ്പെട്ട് വീടും സ്ഥലവും നഷ്ടപ്പെട്ടവർ തുടങ്ങിയവർക്കാണ് ധനസഹായം ലഭിക്കുക.

സഹകരണ സംഘങ്ങളിലെ എ ക്ലാസ് മെമ്പർമാർക്ക് സഹായത്തിന് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരോ ആശ്രിതരോ ആനുകൂല്യത്തിന് അർ‌ഹരല്ല. വില്ലേജ് ഓഫീസർ ഒപ്പുവച്ച വരുമാന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗീകൃത മെഡിക്കൽ ഓഫീസറുടെ മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ, അവകാശികളുടെ അവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയാണ് സഹായത്തിനായി സമർപ്പിക്കേണ്ട ആവശ്യമായ രേഖകൾ.

ഒരു തുടർ പദ്ധതിയായതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് നിശ്ചിത സമയപരിധിയില്ല. ഫണ്ടിന്റെ ലഭ്യത അനുസരിച്ചായിരിക്കും സഹായധനം നൽകുക. ബന്ധപ്പെട്ട രേഖകൾ സഹിതം അതത് സഹകരണ സംഘത്തിലാണ് അപേക്ഷിക്കേണ്ടത്. ലഭിക്കുന്ന അപേക്ഷകൾ ഭരണസമിതി പരിശോധിച്ച് സഹകരണവകുപ്പിന് ശുപാർശ ചെയ്യും. ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും സഹകരണ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഫോം ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് സഹകരണ സംഘത്തിൽ സമർപ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team