സാംസങ് ഉൽപന്നങ്ങൾ ഇനി കൂടുതലും ഓൺലൈനിലൂടെ
ഓൺലൈൻ വിൽപ്പന ശക്തമാക്കാൻ ഒരുങ്ങുകയാണ് സാംസങ്. ജൂലൈ – ഡിസംബര്‍ ത്രൈമാസത്തിൽ 100 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. ഈ വര്‍ഷം അവസാനത്തോടെ ഓൺലൈൻ ബിസിനസ് കുത്തനെ ഉയര്‍ത്തുകയാണ് ലക്ഷ്യം. സാംസങ് വിപണിയിൽ അവതരിപ്പിച്ച ഗ്യാലക്സി ഫോണുകളുടെ എം-സീരീസിന് വിപണയിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ഇന്ത്യയിൽ ഓൺലൈനിലൂടെയുള്ള സാംസങ്ങിൻെറ എംസീരീസ് വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് വിപണിയിൽ എത്തിച്ചിരിയ്ക്കുന്നതാണ് എം സീരീസ് ഉത്പന്നങ്ങൾ. ഇവയുടെ ശരാശരി വിൽപ്പന വിലയിൽ 50 ശതമാനത്തോളം വര്‍ധനയുണ്ട്.
സാംസങ്ങിൻെറ ഇന്ത്യയിലെ ഉപഭോക്താക്കളിൽ അധികവും യുവാക്കളാണ് എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. 7000 രൂപ മുതൽ 25,000 രൂപ വരെയുള്ള ഉത്പന്നങ്ങളാണ് സാംസങ് എം സീരീസിൽ വരുന്നത്. ഇവയുടെ ഓൺലൈൻ വിൽപ്പന ശക്തമാക്കുന്നതിലൂടെ മൊത്തം ഉത്പന്ന മൂല്യം കുതിച്ചുയര്‍ന്നേക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയ്ക്കുള്ള നിയന്ത്രണവും ബ്രാൻഡുകളോട് ഇപ്പോൾ ഉള്ള വൈമുഖ്യവും ഗുണകരമായേക്കും എന്നാണ് കമ്പനി പ്രതീക്ഷിയ്ക്കുന്നത്.
എം സീരീസിനു കീഴിൽ എം51 അടുത്തിടെ സാംസങ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്ന് തുടങ്ങിയപ്പോൾ ഡിമാൻഡ് ഉയര്‍ന്നതിനാൽ സാംസങ് ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ട്.
കൊവിഡിന് മുമ്പുള്ള 94 ശതമാനം ഉത്പാദനവും വിതരണവും തിരിച്ചു പിടിച്ചതായി സാംസങ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡൻറ് അസിം വര്‍സി വ്യക്തമാക്കുന്നു.2019-ൽ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോൺ5 വിപണി രണ്ടു ലക്ഷം കോടി രൂപയുടേതായിരുന്നു. ഇതിൽ 20ശതമാനവും 14,000-15000 രൂപയിലെ സ്മാര്‍ട്ട്ഫോണുകൾ ആണ്.