സിഗ്നലിൽ ഇല്ലാത്ത 9 ഫീച്ചറുകൾ വാട്സ്ആപ്പിലുണ്ട്  

വാട്സാപ്പിന് പിഴച്ചോ? ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് അടുത്തിടെ അവതരിപ്പിച്ച പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും ആണ് എല്ലാത്തിന്റെയും തുടക്കം. ഫെബ്രുവരി 8 മുതൽ നിലവിൽ വരുന്ന പുത്തൻ നിയമങ്ങൾ അംഗീകരിക്കുന്നതോടെ തങ്ങളുടെ പല സ്വകാര്യ വിവരങ്ങളും വാട്സ്ആപ്പ് ഫേസ്ബുക്കുമായി പങ്കുവയ്ക്കും എന്നാണ് ഉപഭോക്താക്കൾ ഭയപ്പെടുന്നത്. പുത്തൻ നിയമങ്ങൾ അംഗീകരിക്കാതെ വാട്സാപ്പ് തുടർന്നും ഉപയോഗിക്കാൻ സാധിക്കില്ല എന്ന് വന്നതോടെ പലരും മറ്റുള്ള ആപ്പുകളിലേക്ക് മാറാൻ തുടങ്ങി.

ടെലിഗ്രാം, വീ ചാറ്റ്, സ്നാപ്ചാറ്റ് തുടങ്ങിയ എതിരാളികളുണ്ടെങ്കിലും ടെസ്‌ല കമ്പനി സിഇഓയും ലോകത്തെ അതിസമ്പന്നരുടെ ലിസ്റ്റിൽ അടുത്തിടെ ഒന്നാം സ്ഥാനത്തേക്കുയർന്ന ഇലോൺ മസ്‌ക് സിഗ്‌നൽ ആപ്പിലേക്ക് മാറാൻ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തതോടെ പലരും സിഗ്‌നൽ ഡൗൺലോഡ് ചെയ്യാൻ തുടങ്ങി. വാട്സാപ്പിന് ഒത്ത എതിരാളിയാണ് സിഗ്‌നൽ എങ്കിലും ചില ഫീച്ചറുകളുടെ കാര്യത്തിൽ സിഗ്‌നൽ ഇപ്പോഴും മികവ് നേടാനുണ്ട്. വാട്സാപ്പിൽ ഉള്ളതും സിഗ്‌നലിൽ ഇല്ലാത്തതുമായ 9 ഫീച്ചറുകൾ മനസിലാക്കാം.

  1. ആരൊക്കേ ഓൺലൈനിൽ – ഒരു ഉപഭോക്താവ് വാട്സാപ്പ് തുറക്കുമ്പോൾ മുതൽ ആ വ്യക്തിയുടെ ചാറ്റ് വിൻഡോ തുറന്നാൽ ‘ഓൺലൈൻ’ എന്ന് കാണിക്കും. അയാൾ ഇപ്പോൾ വാട്സാപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കയാണ് എന്ന വിവരം അതോടെ മറ്റുള്ളവർക്ക് മനസ്സിലാവും. പക്ഷെ ‘ഓൺലൈൻ’ സംവിധാനം സിഗ്‌നലിൽ ഇല്ല. സ്വകാര്യത മുൻനിർത്തിയാണ് ഈ സംവിധാനം ഒഴിവാക്കിയിരിക്കുന്നത്.
  2. സ്റ്റാറ്റസ് – ചിത്രങ്ങൾ, വിഡിയോകൾ, ജിഫ് തുടങ്ങിയ മൾട്ടീമീഡിയ കണ്ടന്റുകൾ സ്റ്റാറ്റസ് ആയി പ്രദർശിപ്പിക്കാൻ സാധിക്കും എന്നുള്ളതാണ് വാട്സാപ്പിനെ ജനകീയമാക്കുന്ന ഒരു ഘടകം. ഈ ഫീച്ചർ സിഗ്‌നലിൽ ലഭ്യമല്ല. സ്വകാര്യത തന്നെ കാരണം.
  3. മെസ്സെജ് സ്റ്റാർ ചെയ്യൽ – ഇടയ്ക്കിടെ എടുത്തുനോക്കേണ്ടതോ, അല്ലെങ്കിൽ കലാകാലത്തേക്ക് സൂക്ഷിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന മെസ്സേജ് സ്റ്റാർ ചെയ്തു സൂക്ഷിക്കാനുള്ള സംവിധാനം വാട്സാപ്പിലുണ്ട്. ഇത് പക്ഷെ സിഗ്‌നലിൽ ലഭ്യമല്ല.
  4. വ്യക്തിഗത ക്യൂആർ കോഡുകൾ – ഒരാളുടെ കോൺടാക്ട് വിവരങ്ങൾ ചോദിച്ചു ഫോണിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്യുന്ന രീതിക്ക് പകരം വാട്സാപ്പിൽ കഴിഞ്ഞ വർഷം ആണ് ക്യൂആർ കോഡുകൾ എത്തിയത്. മറ്റൊരാളുടെ ഫോണിലെ വ്യക്തിഗത വാട്സാപ്പ് ക്യൂആർ കോഡ് സ്കാൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യാം. ഇത് പക്ഷെ സിഗ്‌നലിൽ ഇതുവരെ എത്തിയിട്ടില്ല.
  5. കസ്റ്റം വാൾപേപ്പർ – ഓരോ ചാറ്റുകൾക്കും പ്രത്യേകം ബാക്ഗ്രൗണ്ട് ക്രമീകരിക്കാൻ പറ്റുന്ന കസ്റ്റം വാൾപേപ്പർ ഫീച്ചർ കഴിഞ്ഞ വർഷം വാട്സാപ്പിൽ എത്തി. ഇത് സിഗ്‌നലിൽ ലഭ്യമല്ല.
  6. പേയ്‌മെന്റ് – ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലെ ഇൻസ്റ്റന്റ് ആയി പണം അയക്കാനുള്ള പേയ്‌മെന്റ് സംവിധാനം വാട്സാപ്പിലുണ്ട്. സിഗ്‌നലിന് ഇതും അന്യമാണ്.
  7. ഗ്രൂപ്പ് കോളിംഗ് – ഒരു സമയം ഒന്നിൽ കൂടുതൽ പേരെ വിളിക്കാൻ വാട്സാപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ ഫീച്ചർ ഇപ്പോഴും സിഗ്‌നലിൽ ബീറ്റ പരിശോധന ഘട്ടത്തിലാണ്.
  8. ലൈവ് ലൊക്കേഷൻ – ഒരു നിശ്ചിത സമയത്തേക്ക് ഉപയോക്താക്കൾക്ക് അവരുടെ തത്സമയ സ്ഥാനം മറ്റൊരു വ്യക്തിയുമായി പങ്കിടാൻ സഹായിക്കുന്ന ഫീച്ചർ ആണ് ലൈവ് ലൊക്കേഷൻ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും മറ്റും വളരെ ഉപകാരപ്രദമായ ഫീച്ചർ സിഗ്‌നലിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
  9. ബ്രൗസർ സപ്പോർട്ട് – വാട്സാപ്പ് വെബ് വഴി ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുമായി ആപ്പ് ബന്ധിപ്പിക്കാം. ബ്രൗസറിൽ തന്നെ വാട്സാപ്പ് വിൻഡോ തുറക്കുകയും ചെയ്യാം. പക്ഷെ സിഗ്‌നലിൽ ഇതിനായി പ്രത്യേകം ഡെസ്ക്ടോപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യണം. നിങ്ങളുടെ സിസ്റ്റത്തിലുള ബ്രൗസെറിലൂടെ സിഗ്‌നൽ തുറക്കാൻ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team