സിനിമാറ്റിക് വിഷനുമായി ഷവോമി 14 സിവി ജൂൺ 12ന് ഇന്ത്യയിൽ
സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് പ്രതീക്ഷ പകർന്നുകൊണ്ട് ഷവോമി ഇന്ത്യയിലെ തങ്ങളുടെ ഷവോമി 14 സീരീസിലേക്കുള്ള പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഷവോമി 14, ഷവോമി 14 അൾട്ര എന്നിവ ഉൾപ്പെടുന്ന ഷവോമി-14 സീരീസിന്റെ ഭാഗമാകാൻ പുതിയ ഷവോമി 14 സിവി ആണ് എത്തുന്നത്.
ജൂൺ 12ന് ഷവോമി 14 സിവി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഷവോമി-14 സീരീസിലെ മറ്റ് രണ്ട് സ്മാർട്ട്ഫോണുകളെക്കാൾ വിലക്കുറവിലാണ് ഷവോമി 14 സിവി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുക എന്നാണ് വിവരം. ക്യാമറ യൂണിറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സിനിമാറ്റിക് വിഷൻ അടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ടാകും
ഷവോമി 14 സിവി (Xiaomi 14 CIVI)യുടെ ലോഞ്ചിലൂടെ ഇന്ത്യയിലെ ഷവോമി സ്മാർട്ട്ഫോണുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടും. ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്ന ആദ്യ ഷവോമി സിവി സ്മാർട്ട്ഫോൺ എന്നതാണ് ഷവോമി 14 സിവിയെ ശ്രദ്ധേയമാക്കുന്ന ചരിത്രപരമായ പ്രത്യേകത. 2021ൽ ആണ് ഷവോമി ആദ്യമായി സിവി സീരീസ് ചൈനയിൽ ആരംഭിക്കുന്നത്.
ചുരുങ്ങിയ നാളുകൾക്കുള്ളിൽ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസായി മാറാൻ ഷവോമി സിവി സീരീസ് ഫോണുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ചൈനയിലെ ഈ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസ് ഇപ്പോൾ ഇന്ത്യയിലേക്ക് എത്തിക്കുമ്പോൾ ഷവോമിയുടെ ലക്ഷ്യം അവിടുത്തെപ്പോലെ ഇവിടെയും ഈ സ്മാർട്ട്ഫോൺ സീരീസിലൂടെ ജനങ്ങളെ കൈയിലെടുക്കുകയെന്നതാണ്. അതിനാൽത്തന്നെ, മത്സരം ശക്തമായ ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെയാണ് ഷവോമി സിവി സീരീസ് ഇറക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 14 സിവിയിൽ പ്രതീക്ഷിക്കുന്നത്. അതിൽ ലെയ്‌ക സമ്മിലക്‌സ് ലെൻസുള്ള 50എംപി മെയിൻ റിയർ ക്യാമറ, 12എംപി 120° അൾട്രാ വൈഡ് ക്യാമറ, 50എംപി 25എംഎം പോർട്രെയിറ്റ് ക്യാമറ എന്നിവയും ഡ്യുവൽ 32എംപി ഫ്രണ്ട് ക്യാമറകളും ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ഷവോമി 14 സിവി ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്ത ഷവോമി സിവി 4 പ്രോ (Xiaomi Civi 4 Pro) യുടെ റീബ്രാൻഡഡ് വേരിയന്റ് ആയിരിക്കാം എന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇത് ശരിയാണെങ്കിൽ സിവി 4 പ്രോയുടെ ഫീച്ചറുകൾ തന്നെയാകും ഷവോമി 14 സിവിയിലും ഉണ്ടാകുക.