സെന്‍സെക്‌സ് 50,000 പിന്നിട്ടു; റെക്കോര്‍ഡ് ഉയരത്തില്‍ സൂചികകള്‍
ബഡ്ജറ്റ് വിപണിയില്‍ സൃഷ്ടിച്ച ഓളം അടങ്ങുന്നതിന് മുമ്പ് ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും കൂടിയായപ്പോള്‍ ഓഹരി സൂചികകള്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി. സെന്‍സെക്‌സ് 458.03 പോയന്റ് ഉയര്‍ന്ന് 50,255.75 പോയ്ന്റിലും നിഫ്റ്റി 142.10 പോയ്ന്റ് ഉയര്‍ന്ന് 14790 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. ഫാര്‍മ, ഇന്‍ഫ്രാ, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. എഫ്എംസിജി മേഖലയ്ക്ക് മാത്രമാണ് ഇന്ന് ശോഭിക്കാനാകാതെ പോയത്. 1752 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1189 ഓഹരികള്‍ക്ക് വിപണിയില്‍ കാലിടറി. 149 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്പ്, സണ്‍ഫാര്‍മ, ഡോ റെഡ്ഡീസ് ലാബ്‌സ്, ഡിവിസ് ലാബ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ശ്രീ സിമന്റ്‌സ്, അള്‍ട്രാ ടെക് സിമന്റ്, മാരുതി സുസുകി, ഐറ്റിസി, യുപിഎല്‍ എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള ഓഹരികളുടെ പ്രകടനം
ഓഹരി സൂചികകളിലെ മുന്നേറ്റം കേരള കമ്പനികളില്‍ പരിമിതമായ തോതില്‍ മാത്രമാണ് പ്രതിഫലിച്ചത്. 12 കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കേരള ആയുര്‍വേദ 6.36 ശതമാനം നേട്ടമുണ്ടാക്കി. ഓഹരി വില 3.15 രൂപ ഉയര്‍ന്ന് 52.65 രൂപയിലെത്തി. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (4.09 ശതമാനം), എവിറ്റി (3.99 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.80 ശതമാനം), സിഎസ്ബി ബാങ്ക് (2.35 ശതമാനം) തുടങ്ങിയവയൊക്കെ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ പെടുന്നു.
അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, വെര്‍ടെക്‌സ് സെക്യൂരിറ്റീസ്, ഇന്‍ഡിട്രേഡ്, എഫ്എസിടി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഹാരിസണ്‍സ് മലയാളം, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങി 13 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലയില്‍ ഇന്ന് മാറ്റമൊന്നുമുണ്ടായില്ല.