സെലിബ്രിറ്റികള്‍ക്ക് ചാകര, റേഞ്ച് റോവറിന് അരക്കോടിക്ക് മേല്‍ വിലകുറയും!
ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (Jaguar Land Rover). രാജ്യത്തെ സെലിബ്രിറ്റികള്‍ക്കും ബിസിനസുകാര്‍ക്കും സന്തോഷമേകിക്കൊണ്ട് ജെഎല്‍ആര്‍ തങ്ങളുടെ രണ്ട് ജനപ്രിയ എസ്‌യുവികള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നു.
ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുന്ന ലാന്‍ഡ് റോവര്‍ മോഡലുകളാണ് റേഞ്ച് റോവറും (Land Rover Range Rover) റേഞ്ച് റോവര്‍ സ്‌പോര്‍ടും. സെലിബ്രിറ്റികളുടെയടക്കം ഇഷ്ടവാഹനമാണിത്. ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ ഇപ്പോള്‍ തങ്ങളുടെ മുന്‍നിര എസ്‌യുവികളായ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്ട് എന്നിവയ്ക്കായി സികെഡി (കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍) കിറ്റുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുകയാണ്.
ഈ വാഹനങ്ങളുടെ ലോക്കല്‍ അസംബ്ലി നികുതികള്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെ വരുമ്പോള്‍ ഈ വാഹനങ്ങളുടെ എക്‌സ്‌ഷോറൂം വില 56 ലക്ഷം രൂപ വരെ കുറയുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഫുള്‍ സൈസ് റേഞ്ച് റോവര്‍ വാങ്ങാന്‍ സാധിക്കുന്നത്. റേഞ്ച് റോവര്‍ പൂനെയ്ക്കടുത്തുള്ള ജെഎല്‍ആറിന്റെ ചക്കന്‍ പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഇവ വാങ്ങാന്‍ പറ്റും.
സികെഡി കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് ഫുള്‍ സൈസ് റേഞ്ച് റോവറിനും ചെറിയ റേഞ്ച് റോവര്‍ സ്പോര്‍ട്ടിനും ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. 54 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഈ രണ്ട് മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ഇതുവരെ ഈ എസ്‌യുവികള്‍ യുകെയിലെ സോളിഹുളിലാണ് നിര്‍മിച്ച് വന്നിരുന്നത്. ഇവിടെ നിര്‍മ്മിക്കുന്ന ഈ എസ്‌യുവികള്‍ ലോകമെമ്പാടുമുള്ള 121 രാജ്യങ്ങളിലെ വിപണികളില്‍ വില്‍ക്കുന്നു.