സേവനങ്ങൾ തകരാറിൽ; സ്ഥിരീകരിച്ച് ഫേസ്ബുക്കും വാട്ട്‌സ് ആപ്പും; പ്രതികരണം ട്വിറ്ററിലൂടെ
വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തകരാറിലെന്ന് സ്ഥിരീകരണം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു പ്രതികരണം.
പ്രതികരണം ഇങ്ങനെ : ‘ചില ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനം ലഭ്യമാകുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണ്. എത്രയും പെട്ടെന്ന് സേവനം ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി’.
ഇന്ന് രാത്രിയാണ് ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമായത്. വാട്ട്‌സ് ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷൻ പണിമുടക്കിയെന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കുന്നത്. വാട്ട്‌സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേർഷനും പ്രവർത്തനരഹിതമാണ്. ‘ദ സൈറ്റ് കാൺട് ബി റീച്ച്ഡ’് എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇൻസ്റ്റഗ്രാമും റിഫ്രഷ് ആക്കാൻ സാധിക്കില്ല.
ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്ത് വന്നത്. ഇന്ത്യയിൽ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങിലും വാട്ട്‌സ് ആപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
ഇതിന് മുൻപും ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഒരുമിച്ച് പ്രവർത്തന രഹിതമായിട്ടുണ്ട്. എന്നാൽ അൽപ സമയത്തിന് ശേഷം തിരികെയെത്തിയിരുന്നു.