സോവറിൻ ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,912 രൂപ-സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21 സീരീസ് XI ഫെബ്രുവരി 1 മുതൽ 05 വരെ സബ്സ്ക്രിപ്ഷനായി തുറക്കും!
സോവറിൻ ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,912 രൂപയായി നിശ്ചയിച്ചതായി റിസർവ് ബാങ്ക് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21 സീരീസ് XI ഫെബ്രുവരി 1 മുതൽ 2021 ഫെബ്രുവരി 05 വരെ സബ്സ്ക്രിപ്ഷനായി തുറക്കും. ബോണ്ടിന്റെ വില 4,912 രൂപയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
വില നിശ്ചയിക്കുന്നത് എങ്ങനെ?
സബ്സ്ക്രിപ്ഷൻ കാലയളവിനു മുമ്പുള്ള (ജനുവരി 27-29, 2020) ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിക്കുന്ന വിലയുടെ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്.
വിലയിൽ ഇളവ്
ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഗ്രാമിന് 50 രൂപ കിഴിവ് നൽകാൻ റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ മോഡ് വഴിയാണ് കിഴിവ് ലഭിക്കാനായി പണം അടയ്ക്കേണ്ടതെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. അത്തരം നിക്ഷേപകർക്ക് ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,862 രൂപ ആയിരിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ജനുവരിയിലെ വില
2021 ജനുവരി 11 മുതൽ ജനുവരി 15 വരെ സബ്സ്ക്രിപ്ഷനായി തുറന്ന ബോണ്ടുകളുടെ (സീരീസ് X) ഇഷ്യു വില ഒരു ഗ്രാമിന് 5,104 രൂപയായിരുന്നു. സോവറിൻ ഗോൾഡ് ബോണ്ട് 2020-21 കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുറത്തിറക്കുന്നത്. അഞ്ചാം വർഷത്തിനുശേഷം പിൻവലിക്കാവുന്ന തരത്തിൽ എസ്ജിബിയുടെ കാലാവധി എട്ട് വർഷമാണ്.
എവിടെ നിന്ന് വാങ്ങാം?
ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (എൻഎസ്‌ഇ, ബിഎസ്‌ഇ) എന്നിവയിലൂടെ സ്വർണ്ണ ബോണ്ടികൾ വാങ്ങാം.
പദ്ധതി ആരംഭിച്ചത് എന്ന്?
പദ്ധതി ആരംഭിച്ചത് എന്ന്?
ഭൌതിക സ്വർണ്ണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം – സ്വർണം വാങ്ങാൻ ഉപയോഗിക്കുന്ന – സാമ്പത്തിക ലാഭത്തിലേക്ക് മാറ്റുന്നതിനുമായി 2015 നവംബറിലാണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്. ആർബിഐ വാർഷിക റിപ്പോർട്ട് 2019-20 പ്രകാരം, 2015 നവംബറിൽ ആരംഭിച്ചതു മുതൽ സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതിയിലൂടെ (37 ട്രാഞ്ചുകൾ) മൊത്തം, 9,652.78 കോടി രൂപ (30.98 ടൺ) സമാഹരിച്ചിട്ടുണ്ട്. 2019-20 കാലയളവിൽ മൊത്തം 2,316.37 കോടി രൂപ (6.13 ടൺ) സമാഹരിച്ചതായാണ് റിപ്പോർട്ട്.