സ്കൈറൂട്ട് എയ്റോസ്പേസ് ‘കലാം 5’ വിജയകരമായി വിക്ഷേപിച്ചു  

സ്‌കൈറൂട്ട് എയ്‌റോസ്പേസ് ‘കലാം 5’ എന്ന് പേരിട്ട സോളിഡ് പ്രൊപ്പല്‍ഷന്‍ റോക്കറ്റ് സ്റ്റേജ് വിജയകരമായി പരീക്ഷിച്ചു. രാജ്യത്ത് സ്വകാര്യമേഖലയില്‍ സോളിഡ് പ്രൊപ്പല്‍ഷന്‍ റോക്കറ്റ് സ്റ്റേജ് ഡിസൈന്‍ ചെയ്യുകയും നിര്‍മിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന ആദ്യ കമ്ബനിയാണ് സ്‌കൈറൂട്ട് എയ്‌റോസ്പേസ്. മുന്‍ ഇസ്രോ ശാസ്ത്രജ്ഞരാണ് സ്‌കൈറൂട്ട് എയ്‌റോസ്പേസ് എന്ന സ്റ്റാര്‍ട്ട്‌അപ്പിന് പിന്നില്‍.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈറൂട്ട് എയ്‌റോസ്പേസ് ‘രാമന്‍’ എന്ന പേരിലുള്ള അപ്പര്‍സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍ നേരത്തെ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഒരേസമയം ഒന്നിലേറെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റ് എന്‍ജിനാണ് രാമന്‍.
‘വിക്രം 1’ എന്ന് പേരിട്ട ആദ്യ റോക്കറ്റ് 2021 ഡിസംബറില്‍ വിക്ഷേപണം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

അത്യാധുനിക കാര്‍ബണ്‍ മിശ്രിതങ്ങള്‍ ഉപയോഗിച്ചാണ് സ്‌കൈറൂട്ട് എയ്‌റോസ്പേസ് സോളിഡ് പ്രൊപ്പല്‍ഷന്‍ റോക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. ഡിസൈനിംഗിന്റെ സമയത്ത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ഉരുക്കിനേക്കാള്‍ അഞ്ചിരട്ടി ഭാരം കുറവാണ് എന്നതാണ് കാര്‍ബണ്‍ മിശ്രിതങ്ങളുടെ പ്രധാന ഗുണം.

ഒമ്പത് നിര്‍മാണ രീതികളിലൂടെയും 15 വ്യത്യസ്തവും ആധുനികവുമായ നിര്‍മാണ വസ്തുക്കളും ഉപയോഗിച്ചുമാണ് കലാം 5 വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയില്‍ വന്‍ നേട്ടമായിട്ടാണ് സ്‌കൈറൂട്ടിന്റെ ഈ വിജയത്തെ കാണുന്നത്. തങ്ങള്‍ പ്രതീക്ഷിച്ച വിജയം പരീക്ഷണഘട്ടത്തില്‍ ലഭിച്ചുവെന്നും ഡിസംബറില്‍ വിക്ഷേപണത്തിന് ഒരുങ്ങുന്ന വിക്രം 1നായുള്ള ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ് ഈ നേട്ടമെന്നും പവന്‍ കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇസ്രോയുടെ ടെസ്റ്റിങ്, ലോഞ്ച് റേഞ്ച് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സ്‌കൈറൂട്ടിന് അവസരമുണ്ട്. രാമന്‍ റോക്കറ്റ് എന്‍ജിന്റെ ആദ്യ പരീക്ഷണം കഴിഞ്ഞ ഓഗസ്റ്റില്‍ സ്‌കൈറൂട്ട് എയ്‌റോസ്പേസ് വിജയകരമായി നടത്തിയിരുന്നു. 5 മുതല്‍ 1000 കിലോ ന്യൂട്ടണ്‍ വരെ ശേഷിയുള്ള അഞ്ച് വ്യത്യസ്ത റോക്കറ്റ് എന്‍ജിനുകള്‍ നിര്‍മിക്കുന്ന കലാം പദ്ധതിയുടെ ഭാഗമായുള്ള ആദ്യ എന്‍ജിനാണ് ഇപ്പോള്‍ പരീക്ഷിച്ച്‌ വിജയിച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ വലിയ കുതിപ്പ് ലഭിക്കുന്ന റോക്കറ്റ് എന്‍ജിനുകളാണ് സോളിഡ് മോട്ടോറുകള്‍. ഡിസംബര്‍ 22ന് നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസില്‍ വെച്ചാണ് കലാം 1 പരീക്ഷിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്ഫോടക വസ്തു നിര്‍മാതാക്കളായ സോളാര്‍ ഇന്‍ഡസ്ട്രീസിന് സ്‌കൈറൂട്ട് എയ്‌റോസ്പേസില്‍ വ്യാപാര പങ്കാളിത്തമുണ്ട്.

മുന്‍ ഇസ്രോ ശാസ്ത്രജ്ഞര്‍ സ്ഥാപിച്ച സ്‌കൈറൂട്ടിന് ഇതുവരെ 43 ലക്ഷം ഡോളര്‍ (ഏകദേശം 31.41 കോടി രൂപ) നിക്ഷേപം ലഭിച്ചിട്ടുണ്ട്. 2021ല്‍ 1.5 കോടി ഡോളര്‍ സമാഹരിക്കുകയാണ് കമ്ബനിയുടെ ലക്ഷ്യം. മിന്ത്ര സ്ഥാപകന്‍ മുകേഷ് ബന്‍സാല്‍, സോളാര്‍ ഇന്‍ഡസ്ട്രീസ്, വേദാന്‍ഷു ഇന്‍വെസ്റ്റ്മെന്റ്സ്, ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് തുടങ്ങി നിരവധി മേഖലകളില്‍ നിന്നും ഇതുവരെ സ്‌കൈറൂട്ട് എയ്‌റോസ്പേസിന് നിക്ഷേപം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team