സ്പെഷ്യൽ എഡിഷനുകളുമായി ഹീറോ ഗ്ലാമർ ബ്ലെയ്‌സ്, മാസ്‌ട്രോ എഡ്ജ് സ്റ്റെൽത്ത്
ഉത്സവ കാലം ആരംഭിച്ചതോടെ ഇന്ത്യയിലെ വാഹന നിർമ്മാതാക്കൾ ലോക്ക് ഡൗൺ കാലഘട്ടത്തിന്റെ ക്ഷീണം തീർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. പുത്തൻ വാഹനങ്ങൾ കൂടാതെ സ്പെഷ്യൽ, ലിമിറ്റഡ് എഡിഷൻ മോഡലുകളും വിപണിയിലിറക്കി ലോക്ക് ഡൗൺ നൽകിയ ആഘാതം എത്രയും വേഗം മറികടക്കാനാണ് വാഹന നിർമ്മാതാക്കൾ ശ്രമിക്കുന്നത്. വമ്പൻ ഓഫറുകളും ക്യാഷ് ഡിസ്‌കൗണ്ടുകളും ഈ നീക്കത്തിന്റെ ഭാഗമായി വിവിധ വാഹന നിർമ്മാതാക്കൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ താരമാണ് ഹീറോ മോട്ടോകോർപ്പ്. ഹീറോയുടെ ഇരുചക്ര വാഹന ശ്രേണിയിലെ ഒരു ബൈക്കിനും, ഒരു സ്കൂട്ടറിനും സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിച്ചു കഴിഞ്ഞു. അതെ സമയം റിപ്പോർട്ടുകൾ അനുസരിച്ച് കൂടുതൽ സ്പെഷ്യൽ എഡിഷൻ മോഡലുകൾ ഹീറോ മോട്ടോർകോർപ്പ് അണിയറയിൽ തയ്യാറാക്കുന്നുണ്ട്. ഇത് വരെ വില്പനക്കെത്തിയ ഹീറോയുടെ സ്പെഷ്യലുകളെ നമുക്ക് പരിചയപ്പെടാം.
ഹീറോ ഗ്ലാമർ ബ്ലെയ്സ്
125 സിസി സെഗ്മെന്റിലെ ഹീറോ മോട്ടോകോർപ്പിന്റെ പ്രധാന മോഡൽ ആണ് ഗ്ലാമർ. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഗ്ലാമർ ബ്ലെയ്‌സ് മോഡലിൽ മാറ്റ് വെർനിർ ഗ്രേ നിറവും ഒപ്പം ലൈം യെല്ലോ ഗ്രാഫിക്‌സും ആണ് ആകർഷണം. ഒപ്പം ഹാൻഡിൽ ബാറിൽ ഘടിപ്പിച്ചിരിക്കുന്ന യുഎസ്ബി ചാർജർ ബ്ലെയ്‌സ് എഡിഷനെ വ്യത്യസ്തമാക്കുന്നു. റബ്ബർ കവർ സഹിതമാണ് യുഎസ്ബി ചാർജർ ഘടിപ്പിച്ചിരിക്കുന്നത്. 72,200 രൂപയാണ് ഗ്ലാമർ ബ്ലെയ്‌സ് എഡിഷന്റെ വില. 7,500 ആർപിഎമ്മിൽ 10.73 ബിഎച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 10.6 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 125 സിസി എൻജിൻ ആണ് ഗ്ലാമർ ഗ്ലാമറിൽ. ബിഎസ്4 പതിപ്പിനേക്കാൾ വറിലും ടോർക്കും ഒരല്പം കുറവ് വന്നിട്ടുണ്ട്. 4-സ്പീഡ് ഗിയർബോക്‌സിന് പകരം 5-സ്പീഡ് ഗിയർബോക്‌സ് ആണ് 2020 ഗ്ലാമറിൽ.
ഹീറോ മാസ്ട്രോ എഡ്ജ് 125 സ്റ്റെൽത്ത് എ സി ഷൻ
ഹീറോ മാസ്‌ട്രോ എഡ്ജിന് കുറച്ച് സ്‌പോർട്ടി ലുക്ക് വേണം എന്നാഗ്രഹിക്കുന്നവർക്കുള്ളതാണ് സ്റ്റെൽത്ത് എഡിഷൻ. മാറ്റ് ഗ്രേ അടിസ്ഥാന നിറവും ബോഡി ഗ്രാഫിക്‌സും ചേർന്ന് സ്റ്റെൽത്ത് എഡിഷന് സ്‌പോർട്ടി ലുക്ക് നൽകുന്നുണ്ട്. Stealth സ്റ്റിക്കറും, കാർബൺ ഫൈബർ സ്റ്റൈൽ ടച്ചുകളും, വെള്ള നിറത്തിലുള്ള വരകളും സ്ട്രീരിയാറിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. സ്റ്റാൻഡേർഡ് ഹീറോ മാസ്ട്രോ എഡ്ജ് 125 മോഡലിനേക്കാൾ 1,500 രൂപ കൂടുതലാണ് സ്റ്റെൽത്ത് എഡിഷന്. പ്രോഗ്രാംഡ് ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനം കൂട്ടിച്ചേർത്ത 125 സിസി എൻജിനാണ് മാസ്‌ട്രോ എഡ്ജ് 125-യെ ചലിപ്പിക്കുന്നത്. 6,750 ആർപിഎമ്മിൽ 8.70 ബിഎച്ച്പി പവറും 5,000 ആർപിഎമ്മിൽ 10.2 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. പരിഷ്കരിച്ച എൻജിൻ 11% ഉയർന്ന ഇന്ധനക്ഷമതയും, 10% മികച്ച ആക്സിലറേഷനും നൽകും എന്നാണ് ഹീറോയുടെ ആവകാശവാദം.
ഹീറോ പ്ലഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക്
ഇതുവരെ വില്പനക്കെത്തിയിട്ടില്ല പ്ലഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക്. പക്ഷെ ഉടനെ വിപണിയിലെത്തും എന്നുറപ്പാണ്. മാറ്റ് ബ്ലാക്ക് ബോഡി നിറവും ടാൻ ബ്രൗൺ നിറത്തിലുള്ള ഡ്യുവൽ ടോൺ സീറ്റുമാണ് പ്ലഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്കിന്റെ ആകർഷണം. ഫൂട്ട് വെല്ലിനും ടാൻ ബ്രൗൺ നിറമാണ്. ക്രോമിൽ പൊതിഞ്ഞ റിയർവ്യൂ മിററുകൾ, എക്സ്ഹോസ്റ്റ് ഷീൽഡ്, സൈഡ് പാനലുകൾ, ഫ്രന്റ് ഫെൻഡർ ഗാർണിഷ്, ഹെഡ്‍ലാംപ് ഔട്ട്ലൈൻ എന്നിവ ചേരുമ്പോൾ ലുക്ക് ഒരു ക്ലാസിക് ബൈക്ക് ലുക്ക് ലഭിക്കുന്നുണ്ട് പ്ലസ് പ്ലാറ്റിനം ബ്ലാക്കിന്. ഒപ്പം പില്ലിയൺ ബാക്ക് റെസ്റ്റും പ്ലഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് മോഡലിനുണ്ട്. ‘XSens Technology’ ചേർന്ന ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യയുള്ള 110 സിസി സിംഗിൾ-സിലിണ്ടർ എൻജിനാണ് ഹീറോ പ്ലഷർ പ്ലസ് 110 Fi-ൽ. 7000 ആർപിഎമ്മിൽ 8 ബിഎച്ച്പി പവറും 5500 ആർപിഎമ്മിൽ 8.7 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഭാരത് സ്റ്റേജ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിനാണിത്.