സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില സുരക്ഷാ കാര്യങ്ങൾ
സ്മാർട്ട്ഫോണുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. കോളുകൾക്ക് മാത്രമായി ഫോണുകൾ ഉപയോഗിച്ച കാലമല്ല ഇത്. സ്മാർട്ട്ഫോണുകളിലെ ആപ്പുകളാണ് നമ്മുടെ സമയത്തിന്റെ വലിയൊരു ഭാഗം കവർന്നെടുക്കുന്നത്. ഓരോ ആവശ്യത്തിനുമായി ഒന്നിൽ കൂടുതൽ ആപ്പുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഡാറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും ഉയർന്ന് വരുന്നുണ്ട്.
നമ്മൾ ഉപയോഗിക്കുന്ന ആപ്പുകളെല്ലാം സുരക്ഷിതമാണെന്ന് പറയാനാവില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ തന്നെ ഡാറ്റ, പ്രൈവസി പ്രശ്നങ്ങൾ ഉയർത്തുന്നവയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ ഇൻസ്റ്റാൾ ചെയ്യുന്ന ഓരോ ആപ്പുകളും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ ഏത് ആവശ്യത്തിനാണോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് ആ വിഭാഗം ആപ്പുകളുടെ റിവ്യൂ, റേറ്റിങ് തുടങ്ങിയവ പരിശോധിക്കണം.
ധാരാളം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് വയ്ക്കുന്ന രീതി സുരക്ഷയെ ബാധിക്കും. ആവശ്യത്തിനുള്ള മികച്ച ആപ്പുകൾ തിരഞ്ഞെടുത്ത് ഇൻസ്റ്റാൾ ചെയ്യുക. പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിങ്ങനെയുള്ള ഓതന്റിക്കായ സോഴ്സുകളിൽ നിന്ന് മാത്രം ആപ്പുകൾ തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. മറ്റ് ഫയലുകൾ ഫോണിനെയും നമ്മുടെ പ്രൈവസി ഡാറ്റയെയും ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ ആപ്പിനും നൽകുന്ന പെർമിഷനുകൾക്കും വലിയ പ്രാധാന്യം ഉണ്ട്.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അത് ആദ്യം തുറക്കുമ്പോൾ ആപ്പിന് ആവശ്യമായ പെർമിഷനുകൾ ആവശ്യപ്പെടും. ഇൻസ്റ്റാൾ ചെയ്ത ആപ്പ് എന്തിനാണോ ഉപയോഗിക്കുന്നത് അതിന് മാത്രം ആവശ്യമായ പെർമിഷനുകളാണോ ചോദിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ക്യാമറ ആപ്പുകൾ കോൺടാക്ടുകൾ, മെസേജുകൾ എന്നിവയിലേക്കുള്ള പെർമിഷൻ ചോദിക്കുന്നത് പോലുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ ആ ആപ്പ് ഉപയോഗിക്കാതിരിക്കുക.