സ്യൂകറുമായി യുവ സംരഭകർ, കലോറി കുറഞ്ഞ ഷുഗർ ഫ്രീ പലഹാരങ്ങളുടെ സ്റ്റാർട്ടപ്പിന് കൊച്ചിയിൽ തുടക്കം!  

കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ പലഹാരങ്ങൾ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനിയായ സ്യൂഗര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐഐഎം ബെംഗളൂരു, എന്‍ഐടി കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരാണ് കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകര്‍.

ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുകയും കലോറി കുറഞ്ഞതും പഞ്ചസാരയില്ലാത്തുമായ സ്വീറ്റുകള്‍ക്ക് ആവശ്യക്കാരേറുകയും ചെയ്ത
സാഹചര്യത്തിലാണ് പുതിയ വിപണി സാധ്യത മുന്നില്‍ കണ്ട് ഇവർ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

ചോക്ലേറ്റ്, കേക്ക്, പേസ്ട്രി, ജാം, കുക്കീസ്, ഇന്ത്യന്‍ മധുര പലഹാരങ്ങള്‍, മില്‍ക്ക് ഷേക്കുകള്‍ തുടങ്ങിയവയാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

പഞ്ചസാര ഒട്ടും ചേര്‍ക്കാതെയും കലോറി കുറയ്ക്കാന്‍ ആവശ്യമായ ആരോഗ്യപ്രദമായ ചേരുവകള്‍ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തുമാണ് ഓരോ ഉത്പന്നവും ഉണ്ടാക്കുന്നതെന്ന് സ്യൂഗര്‍ ഫുഡ്‌സ് സ്ഥാപകനും സിഇഒയുമായ ജാവേദ് ഖാദിര്‍ പറഞ്ഞു. മധുര പലഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കാനായി ഒരാള്‍ക്ക് കഴിക്കാവുന്ന അത്രയും പലഹാരങ്ങളുള്ള പാക്കറ്റുകള്‍ മാത്രമാണ് കമ്പനി ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനസംഖ്യയില്‍ 8 ശതമാനം പ്രമേഹരോഗികളാണ്. അതിലും ഇരട്ടിയാളുകള്‍ പ്രമേഹരോഗ ഭീതിയില്‍ കഴിയുകയും ചെയ്യുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനും കലോറി കുറഞ്ഞ ഭക്ഷണളോട് ആളുകള്‍ക്ക് താല്‍പര്യം കൂടുകയും ചെയ്തതോടെ പഞ്ചസാര ചേര്‍ക്കാത്ത സ്വീറ്റുകള്‍ക്ക് ആവശ്യക്കാർ ഏറിയിരിക്കുകയാണ്.

പൊണ്ണത്തടി, പ്രമേഹം, ദന്തപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രതികൂലമായ പഞ്ചസാരയുടെ ഉപഭോഗം ഒഴിവാക്കുന്നത് ആഗോള തലത്തില്‍ തന്നെ ഒരു ശീലമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ പഞ്ചസാരരഹിത ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയെങ്കിലും അവയൊന്നും വ്യാപകമായി ലഭ്യമല്ല. ഈ വിടവ് നികത്താന്‍ ലക്ഷ്യമിട്ടാണ് സ്യൂഗര്‍ ഫുഡ്‌സ് വിപണിയില്‍ ഇറങ്ങിയത്.

പഞ്ചസാരരഹിത ഉത്പന്നങ്ങളെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ നിലവിലുണ്ടെങ്കിലും പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന സുക്രലോസ്, സ്റ്റിവിയ, മാല്‍റ്റിടോള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് സ്യൂഗര്‍ ഉപയോഗിക്കുന്നത്. എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യും യുഎസിലെ എഫ്ഡിഎ പോലുള്ള രാജ്യാന്തര ഏജന്‍സികളും സാക്ഷ്യപ്പെടുത്തിയത് പ്രകാരം ഇതില്‍ ഉപയോഗിക്കുന്ന എല്ലാ ചേരുവകളും പൂര്‍ണമായി സുരക്ഷിതമാണ്. അമിത ഭാരം, പ്രമേഹം തുടങ്ങിയവ സംബന്ധിച്ച് ഭീതി ഇല്ലാതെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന സുരക്ഷിതവും രുചികരവുമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയില്‍ നിലവില്‍ സ്യൂഗര്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ ഫോണിലൂടെ നേരിട്ട് ഓര്‍ഡര്‍ ചെയ്യാവുന്നതുമാണ്. നവംബര്‍ അവസാനത്തോടെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്കറികളിലും ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. വര്‍ഷാന്ത്യത്തോടെ കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team