സ്വകാര്യ വത്കരണത്തിന് വന്‍ ഊന്നല്‍ നല്‍കുന്ന ബജറ്റ്!
ദില്ലി: സ്വകാര്യ വത്കരണത്തിന് വന്‍ ഊന്നല്‍ നല്‍കുന്നതാണ് ധനമന്ത്രിയുടെ ബജറ്റ്. ഇന്‍ഷുറന്‍സ് രംഗത്തെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയര്‍ത്തിയതും ബിപിസിഎല്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടരുമെന്ന പ്രഖ്യാപനവും ഇതിന് ഉദാഹരമാണ്. നടപ്പ് സാമ്ബത്തിക വര്‍ഷത്തെ ധനകമ്മി ഒമ്ബതര ശതമാനമായി ഉയര്‍ന്നുവെന്ന് വ്യക്തമാക്കിയ ബജറ്റില്‍ അടുത്ത സാമ്ബത്തിക വര്‍ഷം വിപണിയില്‍ നിന്ന് 12 ലക്ഷം കോടി രൂപ കടമെടുക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്‍ഷുറന്‍സ് മേഖലയില്‍ വന്‍ നിക്ഷേപം ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ബജറ്റില്‍ നടത്തിയത്. ഇതിനായി നിയമ ഭേദഗതി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.ഇന്‍ഷുറന്‍സ് കമ്ബനികളുടെ നേതൃത്വം രാജ്യത്തെ സ്ഥിരതാമസക്കാരായ പൗരന്മാര്‍ക്കാകണം എന്ന നിര്‍ദ്ദേശം പുതിയ ബില്ലില്‍ മുന്നോട്ടു വയ്ക്കും. എല്‍ഐസിയുടെ ഓഹരി വില്‍ക്കാനുള്ള നീക്കം തുടരും.
രണ്ട് പൊതുമേഖല ബാങ്കുകളുടെയും ഒരു ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്ബനിയുടെയും ഓഹരി വില്‍ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബിപിസിഎല്‍ ഏയര്‍ ഇന്ത്യ ഐ.ഡി.ബി.ഐ തുടങ്ങി നേരത്തെ പ്രഖ്യാപിച്ച സ്വകാര്യവത്കരണ നടപടികള്‍ തുടരും. നിക്ഷേപത്തിലൂടെയും സ്വകാര്യവത്കരണത്തിലൂടെയും മാത്രം വന്‍ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് ബജറ്റ് സൂചിപ്പിക്കുന്നു.
ആകെ ചിലവ് നടപ്പ് വര്‍ഷം പ്രതീക്ഷിച്ച 30.42 ലക്ഷം കോടിയില്‍ നിന്ന് 34.50 ലക്ഷം കോടിയായി ഉയര്‍ന്നു. ധനകമ്മി നടപ്പുവര്‍ഷം ഒമ്ബതര ശതമാനമാണ്. അടുത്ത വര്‍ഷം 6.8 ശതമാനമായി ഇത് കുറക്കാനാണ് ശ്രമം. സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള പരിധി നാല് ശതമാനമായിരിക്കും. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം 42 ശതമാനത്തില്‍ നിന്ന് 41 ശതമാനമായികുറച്ചു.
ഒരു ശതമാനം ജമ്മുകശ്മീരിനും ലഡാക്കിനും നല്‍കണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചാണ് ഇത്. കടമെടുക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന വ്യക്തമായ സൂചനയാണ് ധനമന്ത്രി ഇന്ന് നല്‍കിയത്. അടുത്ത സാമ്ബത്തിക വര്‍ഷം 12 ലക്ഷം കോടി രൂപ കടമെടുത്താവും ആരോഗ്യ-അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുക.