സ്വന്തമായി ബിസിനസ് തുടങ്ങാൻ വനിതകൾക്കായി സർക്കാറിൻ്റെ ആറ് വായ്പ പദ്ധതികൾ
ഇന്നത്തെ കാലത്ത് സ്വന്തമായി തൊഴിൽ ചെയ്ത് വരുമാനം നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ഇഷ്ടപ്പെട്ട മേഖലയിൽ ജോലി ചെയ്യാൻ സ്ത്രീകൾക്ക് ഇപ്പോൾ അവസരമുണ്ട്. ഇനി സ്വന്തമായി ബിസിനസ് ചെയ്യാനാണ് ആഗ്രഹമെങ്കിൽ അതിനും അവസരമുണ്ട്. ബിസിനസ് സംരംഭങ്ങൾ നടത്താൻ ആഗ്രഹമുള്ള, മികച്ച ആശയങ്ങളും അതിനുള്ള പ്രാപ്തിയുമുള്ള സ്ത്രീകൾക്ക് പിന്തുണയേകാൻ സർക്കാർ നിരവധി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. കയ്യിൽ പണമില്ലാത്തതിനാൽ തങ്ങളുടെ എക്കാലത്തേയും ബിസിനസ് എന്ന സ്വപ്നം മനപൂർവ്വം മറന്നുകളഞ്ഞവർ നിരവധിയാണ്. ഇനി അതിന്റെ ആവശ്യമില്ല. നിങ്ങളുടെ ഏത് തരം ബിസിനസ് ആശയത്തേയും പിന്തുണയ്ക്കാൻ ഈ സർക്കാർ പദ്ധതികൾ സഹായിക്കും. വനിതാ സംരംഭകർക്കായി സർക്കാർ ആരംഭിച്ച ആറ് മികച്ച പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം.
ഭാരതീയ മഹിള ബാങ്ക് റീട്ടെയിൽ ബിസിനസ് വായ്പ
റീട്ടെയിൽ മേഖലയിൽ സ്വന്തമായൊരു ബിസിനസ് ആരംഭിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാരതീയ മഹിള ബാങ്ക് സ്ഥാപിതമായത്. 10.25 ശതമാനമാണ് വായ്പയുടെ അടിസ്ഥാന പലിശ നിരക്ക്. സ്വന്തമായി ബിസിനസ് ആരംഭിക്കാൻ നിരാലംബരായ സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഭാരതീയ മഹിള ബാങ്ക് സ്ഥാപിതമായത്. 2017 മാർച്ച് 31 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബിഎംബിയെ ലയിച്ചു. ഉത്‌പാദന മേഖലയിലെ ബിസിനസ് ആശയങ്ങൾക്കായി വനികൾക്ക് 20 കോടി രൂപ വരെ അനുവദിക്കുന്നതാണ് ഭാരതീയ മഹിള ബാങ്ക് ബിസിനസ് വായ്പ
ഓറിയന്റ് മഹിള വികാസ് യോജന പദ്ധതി
സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനും ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ ഫണ്ട് ആവശ്യകതകൾ നിറവേറ്റുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഓറിയന്റ് മഹിള വികാസ് യോജന പദ്ധതി. വനിതാ സംരംഭകർക്ക് പദ്ധതിയുടെ കീഴിൽ വായ്പ ലഭിക്കുന്നതിന് ബിസിനസിൽ നിർബന്ധമായും കുറഞ്ഞത് 51 ശതമാനം പങ്കുവേണം. അതായത് വായ്പയ്ക്ക് അപേക്ഷിക്കുന്നയാൾക്ക് ബിസിനസ്സിൽ 51 ശതമാനം വരെ മൂലധനം ഉണ്ടായിരിക്കണം.
പദ്ധതിപ്രകാരം അനുവദിച്ച വായ്പയ്ക്ക് പലിശ നിരക്കിൽ 2 ശതമാനം ഇളവ് ലഭിക്കും. 7 വർഷമാണ് വായ്പ കാലാവധി. അതിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. ചെറുകിട വ്യവസായങ്ങൾക്ക് 10 ലക്ഷം രൂപ മുതൽ 25 ലക്ഷം വരെ യാതൊരുവിധ ജാമ്യവും ഇല്ലാതെ ലഭിക്കും. ഓറിയെന്റൽ ബാങ്ക് ആണ് വായ്പ നൽകുക.
- അന്നപൂർണ പദ്ധതി
ഫുഡ് കാറ്ററിംഗ് ബിസിനസ് നടത്തുന്ന സ്ത്രീകൾക്ക് അടുക്കള നവീകരണം പോലുള്ള ആവശ്യങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുക ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് അന്നപൂർണ പദ്ധതി. പുതിയ പാത്രങ്ങളും ആവശ്യമായ അടുക്കള സാമഗ്രികളും വാങ്ങുന്നതുൾപ്പടെയുള്ളവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്നപൂർണ പദ്ധതി പ്രകാരം ഒരാൾക്ക് പരമാവധി 50,000 രൂപവരെ വായ്പയായി ലഭിക്കും. മൂന്ന് വർഷമാണ് വായ്പ കാലാവധി. അതിനുള്ളിൽ തുക തിരിച്ചടയ്ക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വഴിയാണ് വായ്പ ലഭിക്കുക. - പ്രധാന്‍ മന്ത്രി മുദ്ര യോജന
ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി മുദ്ര യോജന. ബ്യൂട്ടി പാർലർ, ട്യൂഷൻ സെന്റർ, തയ്യൽക്കട തുടങ്ങിയ സ്വന്തം സംരംഭങ്ങൾ ആരംഭിക്കുന്ന വനിതാ സംരംഭകരെ പദ്ധതി പിന്തുണയ്ക്കും. പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിന് ഈട് ആവശ്യമില്ല. പ്രധാനമായും ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകള്‍ വഴിയാണ് പദ്ധതി പ്രകാരമുള്ള മുദ്ര വായ്പ സംരംഭകര്‍ക്ക് ലഭിക്കുക.
പുതിയ മൈക്രോ സംരംഭങ്ങള്‍ തുടങ്ങുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും മെഷിനറി വാങ്ങുന്നതിനും പദ്ധതി പ്രകാരം വായ്പ ലഭിക്കും. പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്ക് ക്യാഷ് ക്രെഡിറ്റ് / ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. ശിശു, കിഷോര്‍, തരുണ്‍ എന്നീ പദ്ധതികള്‍ക്ക് കീഴിലാണ് വായ്പ ലഭിക്കുക. 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. ശിശു പദ്ധതിക്ക് കീഴിലാണ് 60 ശതമാനം വായ്പയും വിതരണം ചെയ്യുന്നത്.
5. ഉദ്യോഗിനി പദ്ധതി
ചെറുകിട വ്യവസായ യൂണിറ്റുകൾക്കും, കൃഷിക്കാർക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. 18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 1 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സംരംഭകയുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 45,000 രൂപയിൽ കുറവായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. വിധവ, വികലാംഗ അല്ലെങ്കിൽ നിരാലംബയായ സ്ത്രീയുടെ കാര്യത്തിൽ ഈ വരുമാന പരിധി ഒഴിവാക്കിയിട്ടുണ്ട്. എസ്‍എസ്, എസ്ടി വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്ക് പ്രതിവർഷം 45000 രൂപവരെ വായ്പ നൽകും. പഞ്ചാബ് ആൻഡ് സിനഡ് ബാങ്ക് ആണ് ഈ വായ്പ വാഗ്ദാനം ചെയ്യുന്നത്.
6. സെന്റ് കല്യാണി പദ്ധതി
പുതിയൊരു സംരംഭം ആരംഭിക്കുവാനോ അല്ലെങ്കിൽ നിലവിലുള്ള സംരംഭം വിപുലീകരിക്കുവാനോ പരിഷ്കരിക്കാനോ സ്ത്രീകൾക്കായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന വായ്പ പദ്ധതിയാണ് സെന്റ് കല്യാണി. ഗ്രാമത്തിലെ കുടിൽ വ്യവസായങ്ങൾ, മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾ, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വ്യാപാരം മേഖല, സർക്കാർ സ്പോൺസർ ചെയ്യുന്ന പരിപാടികൾ എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ള സ്ത്രീകൾക്ക് ജാമ്യമില്ലാതെ വായ്പ ലഭിക്കും.