സ്വിഗ്ഗിയും സൊമാറ്റോയും പുറത്ത്; ഹോട്ടലുടമാ സംഘം പുതിയ ‘ആപ്പു’മായി.
ആമസോണിനും ഫ്ലിപ്കാർട്ടിനുമൊക്കെ പകരം ഈ മോഡൽ പരീക്ഷിക്കാം !!
സൊമാറ്റോയും സ്വിഗ്ഗിയും മറ്റും കയ്യടക്കിവച്ചിട്ടുള്ള ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്ത് സ്വന്തം പ്ലാറ്റ്ഫോമുമായി കടന്നുവരാന്‍ തയ്യാറെടുക്കുന്നു 6 ലക്ഷത്തോളം റെസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും അംഗത്വമുള്ള നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യ. അനുയോജ്യമായ ഡിജിറ്റല്‍ സംരംഭത്തിലൂടെ ഭക്ഷ്യ വിതരണ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണു ലക്ഷ്യമെന്നും ഇതിനായി പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും എന്‍ആര്‍ഐ പ്രസിഡന്റ് അനുരാഗ് കത്രിയാര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ഓര്‍ഡറിംഗ്, ഫുഡ് ഡെലിവറി, ലോയല്‍റ്റി പ്രോഗ്രാമുകള്‍, കോണ്ടാക്റ്റ്ലെസ് ഡൈനിംഗ് ഓപ്ഷനുകള്‍ എന്നിവക്കുള്ള പ്ലാറ്റ്ഫോമുകൾ ഈ സേവനം ഉലയോഗിക്കുന്നവർക്കു വാഗ്ദാനം ചെയ്യും. ഇതിലൂടെ റെസ്റ്റോറന്റുകള്‍ക്ക് മൂന്നാം കക്ഷികളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് കത്യാര്‍ പറഞ്ഞു. പ്ലാറ്റ്ഫോം സുതാര്യമായ രീതിയിലുള്ള ഭക്ഷണ വിതരണ സേവന ആപ്പ് ഉറപ്പാക്കും. ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട റെസ്റ്റോറന്റുകളുമായി പങ്കുവെക്കും. ഡെലിവറി ചെലവ് കുറയ്ക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതര ഡെലിവറി, ലോജിസ്റ്റിക് കമ്പനികളുമായി പങ്കാളിത്തമുണ്ടാക്കാന്‍ ടീമുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു. റെസ്റ്റോറന്റ് പങ്കാളികള്‍ക്ക് ദൃശ്യപരതയും ഓര്‍ഡറിംഗ് സൗകര്യങ്ങളും നല്‍കുന്നതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. സാങ്കേതിക ചെലവ് വര്‍ദ്ധിപ്പിച്ചും പങ്കാളികളുമായി ആലോചിക്കാതെ പുതിയ പ്രോഗ്രാമുകള്‍ ചേര്‍ത്തും റെസ്റ്റോറന്റുകളുടെ മാര്‍ജിന്‍ തട്ടിയെടുക്കുകയാണ് അഗ്രഗേറ്റര്‍മാരെന്ന ആരോപണം വ്യാപകമായുണ്ട്. സോമാറ്റോയും സ്വിഗ്ഗിയും മറ്റും ഇത്തരം പരാതികള്‍ക്കു പരിഹാരം കാണുന്നില്ല.
നിലവിലുള്ള അഗ്രഗേറ്റര്‍മാര്‍ ആപ്പ് വഴി ഈടാക്കുന്നത് കനത്ത കമ്മീഷനുകളാണെന്ന പരാതി എന്‍ആര്‍ഐക്കുണ്ട്. റെസ്റ്റോറന്റുകള്‍ക്ക് ഓര്‍ഡറുകളും ഉപയോക്തൃ ഡാറ്റയും നല്‍കാത്തതാണ് മറ്റൊരു പ്രശ്നം. സ്വന്തം കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറച്ച് കക്ഷികള്‍ക്കും ക്ലൗഡ് കിച്ചനുകള്‍ക്കും ഓര്‍ഡറുകളുടെ കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നതായുള്ള ആരോപണവും വ്യാപകമാണ്. സൊമാറ്റോ ഓഫര്‍ ചെയ്ത ഗോള്‍ഡ്, ഇന്‍ഫിനിറ്റി ഡൈനിംഗ് തുടങ്ങിയ പ്രീമിയം സേവനങ്ങളും തര്‍ക്കവിഷയമായിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ഇന്‍ഫിനിറ്റി ഡൈനിംഗ് സേവനങ്ങള്‍ അടച്ചുപൂട്ടിയത്.
2022 ഓടെ ഇന്ത്യയുടെ ഓണ്‍ലൈന്‍ ഭക്ഷ്യ വ്യവസായം 8 ബില്യണ്‍ ഡോളറിന്റെ വിപണിയായി വളരുമെന്ന് ലോക്ഡൗണിനു മുമ്പ് തയ്യാറാക്കിയ ഗൂഗിള്‍, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (ബിസിജി) റിപ്പോര്‍ട്ട് വിലയിരുത്തിയിരുന്നു. 25-30 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ഉണ്ടായിരുന്നതെന്ന് ബിസിജി ഡയറക്ടര്‍ റോമ ദത്ത ചോബി പറഞ്ഞു. നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യയെ പ്രതീക്ഷയിലാക്കുന്ന കണക്കുകളാണിത്.
റെസ്റ്റോറന്റ് മേഖലയിലെന്നതുപോലെ വിദേശ നിയന്ത്രിത ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, പേടിഎം മാള്‍, സ്നാപ്ഡീല്‍ എന്നിവയ്ക്കെതിരെ പ്രാദേശിക റീട്ടെയിലര്‍മാരും വ്യാപാരികളും നിലപാട് ശക്തമാക്കിയിട്ടുണ്ട്. അടുത്ത മാസത്തോടെ ‘ ഭാരത്ഇമാര്‍ക്കറ്റ് ‘ ഇ കൊമേഴ്സ് വിപണി ആരംഭിക്കാനുള്ള പദ്ധതി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഐഐടി) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ വിപണന രീതി വളരെ വ്യത്യസ്തമാകുമെന്നും ചില്ലറ വ്യാപാരികളിലും ഉപഭോക്താക്കളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സിഐഐടി ഉറപ്പ് അറിയിച്ചു. പ്ലാറ്റ്ഫോമില്‍ ലിസ്റ്റു ചെയ്യുന്ന വെണ്ടര്‍മാരില്‍ നിന്ന് കമ്മീഷനോ ഫീസോ ഈടാക്കില്ല. വ്യാപാരികളുടെ വരുമാനം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നാണ് വാഗ്ദാനം.
ഈ ഒരു മോഡൽ നിലവിൽ ഓൺലൈൻ വ്യാപാരം മൂലം ഏറെ ദുരിത്തിലേക്കു കിടന്നിരുന്ന റീറ്റെയ്ൽ വിപണിയിലെ സ്ഥാപനങ്ങളോ അസ്സോസിയേഷനുകളോ മുന്നോട്ടുവന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അതും ചരിത്രമായി മാറും. ഇത്തരത്തിൽ ഒത്തുചേരാനുള്ള ഏറ്റവും അനുഗുണമായ സമയം ഇപ്പോഴാണ്. ഇന്ത്യൻ വിപണി, പ്രത്യേകിച്ചും കേരള മാർക്കറ്റ് ഈ കൊറോണ കാലത്തോടെ വളരെ മികച്ച മാറ്റങ്ങളോടെ കരുത്താർജ്ജിച്ചു ഇന്ത്യൻ വിപണിയിൽ തന്നെ ശക്തമായ തിരുത്തൽ വാദിയും മാർക്കറ്റ് ലീഡറും ആവുമെന്ന് നമുക്ക് കരുതാം. അതിനെല്ലാമുള്ള അനുകൂല സാഹചര്യങ്ങളാണ് ഇന്ന്. പ്രത്യേകിച്ചു *കേരള മോഡൽ* എന്ന ടാഗ് ലൈനിനോട് കേരളം ഒരു ബ്രാൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന സമയത്ത്.