സ്വർണക്കടകളും ഇനി പി.എം.എല്‍.എ യുടെ കീഴിൽ!
കൊച്ചി: സ്വര്‍ണാഭരണ മേഖലയെയും പണംതിരിമറി തടയല്‍ നിയമത്തിന്റെ (പി.എം.എല്‍.എ) കീഴിലാക്കിയ ഡിസംബര്‍ 28ലെ ധനമന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വര്‍ണക്കടകള്‍ക്ക് സര്‍ക്കുലര്‍ അയയ്ച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്.
ഒരുമാസം ഒരു ഉപഭോക്താവില്‍ നിന്ന് ഒന്നോ അധിലധികമോ തവണകളിലായി പത്തുലക്ഷം രൂപയുടെ ഇടപാട് നടത്തിയാല്‍, അതിന് കൃത്യമായ രേഖകള്‍ സൂക്ഷിക്കണമെന്നും ഇടപാട് വിവരങ്ങള്‍ ഇ.ഡിയെ അറിയിക്കണമെന്നുമാണ് സര്‍ക്കുലര്‍. കാശ് (കറന്‍സി നോട്ടുകള്‍) നല്‍കി സ്വര്‍ണം വാങ്ങുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.ബാങ്കുകളോ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പോ സര്‍ക്കാര്‍ ഏജന്‍സിയോ രേഖകളില്ലാത്ത (അണ്‍അക്കൗണ്ടഡ്) പണം, സ്വര്‍ണാഭരണം എന്നിവ പിടിച്ചെടുത്താല്‍ നിലവില്‍ അതിന്റെ 82.50 ശതമാനം (അതായത് 100 രൂപയ്ക്ക് 82.50 രൂപ വീതം) സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ചെയ്‌തിരുന്നത്. എന്നാല്‍, ഇനിമുതല്‍ അത്തരം ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കും. മാത്രമല്ല, പി.എം..എല്‍.എ പ്രകാരം കണ്ടുകെട്ടലിന് പുറമേ കടയിലെ ജീവനക്കാരനും ഉടമയ്ക്കും മൂന്നുമുതല്‍ ഏഴുവര്‍ഷം വരെ ജയില്‍ശിക്ഷയും കിട്ടുമെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസുകള്‍ വര്‍ദ്ധിക്കുന്നതും അതില്‍ ഉന്നതര്‍പോലും ഉള്‍പ്പെടുന്നതുമായ പശ്ചാത്തലത്തില്‍ കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ സര്‍ക്കുലര്‍.