സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമായത് 2990 പേര്‍ക്ക്.  

തിരുവനന്തപുരം : സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമായത് 2990 പേര്‍ക്ക്. സംസ്ഥാനത്തിന് അകത്തും പുറത്തുമുളള സര്‍ക്കാര്‍/ സ്വകാര്യ തൊഴില്‍ നൈപുണ്യ വികസന സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. 16 സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ മുഖേന 46 കോഴ്‌സുകളിലായി 5658 ഉദ്യോഗാര്‍ത്ഥികള്‍ ഇതുവരെ പരിശീലനം പൂര്‍ത്തിയാക്കി. 22 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശത്താണ് തൊഴില്‍ ലഭിച്ചത്.

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നതും വിദേശത്ത് പോകാന്‍ തിരെഞ്ഞെടുക്കപ്പെടുന്നതുമായ കുട്ടികള്‍ക്ക് യാത്രാ ചെലവിനും, മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി വകുപ്പ് സാമ്ബത്തിക സഹായവും നല്‍കുന്നുണ്ട്.ആദ്യമായാണ് വകുപ്പിന്റെ ശ്രമഫലമായി പട്ടികവര്‍ഗ്ഗ കുട്ടികള്‍ വിദേശത്ത് തൊഴില്‍ കണ്ടെത്തുന്നത്. അഭ്യസ്തവിദ്യരായിട്ടും നൈപുണ്യ പരിശീലനത്തിന്റെ അഭാവം മൂലം തൊഴില്‍ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.ഇന്‍ഡസ്ട്രിയല്‍ ടെക്‌നീഷ്യന്‍, ടിഗ് ആന്റ് ആര്‍ക് വെള്‍ഡിംഗ്, ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗ്, ഡിപ്‌ളോമ ഇന്‍ ട്രാവല്‍ ആന്റ് ടൂറിസം, ഫുഡ് പ്രൊഡക്ഷന്‍, ഗ്രാഫിക് ആന്റ് വെബ് ഡിസൈനിംഗ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ഇലക്‌ട്രീഷ്യന്‍, ഓര്‍ഗാനിക് ഫാമിംഗ്, പഞ്ചകര്‍മ തുടങ്ങി 57ലധികം കോഴ്‌സുകളിലാണ് പരിശീലനം.

മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള തൊഴില്‍ പരിശീലന കോഴ്‌സുകളാണ് നടത്തിവരുന്നത്. ഇത്തരത്തില്‍ തൊഴില്‍ ലഭ്യമാകുന്ന കൂടുതല്‍ കോഴ്‌സുകള്‍ നടത്താന്‍ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.യുവജനങ്ങള്‍ക്ക് അവരുടെ അഭിരുചിയ്ക്ക് അനുസൃതമായി വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ വൈദഗ്ധ്യ പരിശീലനവും ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ ഏറെ സാധ്യതയുളള തൊഴില്‍പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച്‌ ജോലി സ്ഥിരത ഉറപ്പാക്കുന്നതിനും വകുപ്പ് നടപടി സ്വീകരിക്കുന്നു.ജില്ലകളില്‍ ജോബ് ഫെയറുകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. ഇതിലൂടെ വിവിധ കോഴ്‌സുകളെയും പരിശീലനം നല്‍കുന്ന ഏജന്‍സികളെക്കുറിച്ചും അറിയാനാകും.

ഈ അവസരത്തില്‍ പരിശീലന ഏജന്‍സികള്‍ വഴി നേരിട്ട് അപേക്ഷിക്കുന്നതിനും സ്‌പോട്ട് അഡ്മിഷന്‍ നേടാനുമുള്ള അവസരവുമുണ്ട്. പരിശീലന ഏജന്‍സികള്‍ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നേരിട്ട് അഡ്മിഷന്‍ നല്‍കുന്നു. പരിശീലനത്തിന് താത്പര്യമുളളവര്‍ക്ക് www.skill.stdd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷിക്കാം .കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 2312 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team