സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്ബത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 91.62 കോടി രൂപ നഷ്ടം രേഖപ്പെടുത്തി!  

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്ബത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 91.62 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനകലയളവില്‍ 90.54 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ പിന്നോട്ട് പോക്ക്.ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 377 കോടി രൂപയാണ്. ഈ സാമ്ബത്തിക വര്‍ഷത്തെ ആദ്യ ഒമ്ബത് മാസത്തെ പ്രവര്‍ത്തനലാഭം 1,195 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 1,112 കോടി രൂപയായിരുന്നു. മൊത്ത നിഷ്‌ക്രിയാസ്തി 4.96 ശതമാനത്തില്‍ നിന്നും 4.90 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 3.44 ശതമാനത്തില്‍ നിന്ന് 2.12 ശതമാനമായി താഴ്ന്നു. നിഷ്‌ക്രിയ ആസ്തിക്കുളള നീക്കിയിരുപ്പ് അനുപാതം 50.37 ശതമാനത്തില്‍ നിന്നും 72.03 ശതമാനം ആയി മെച്ചപ്പെടുത്തി. കൊവിഡ് -19 പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്റെ ഭാഗമായി ബാങ്കിന് 275.74 കോടി രൂപ നീക്കിയിരുപ്പുണ്ട്.”രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ബാങ്കിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചു.കൂടാതെ ബാങ്കിന്റെ സ്ട്രാറ്റജിയുടെ ഭാഗമായി കോര്‍പ്പറേറ്റ് വായ്പ ഇനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക വഴി, കോര്‍പ്പറേറ്റ് വായ്പ അനുപാതം മൊത്തം വായ്പയുടെ 24 ശതമാനം ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 30 ശതമാനം ആയിരുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 14.47 ശതമാനം ആയി ഉയര്‍ന്നു. കഴിഞ്ഞ സാമ്ബത്തിക വാര്‍ഷികത്തിലെ മൂന്നാം പാദത്തിന്റെ അന്ത്യത്തില്‍ ഇത് 12.02 ശതമാനം ആയിരുന്നു,” എംഡി ആന്‍ഡ് സിഇഒ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. കൊവിഡ് -19 വ്യാപനം മൂലം സാമ്ബത്തിക രംഗത്ത് ഉണ്ടായ സമ്മര്‍ദ്ദത്തിനാല്‍ ബാങ്കിന് വേണ്ടി വന്ന നിഷ്‌ക്രിയ ആസ്തിക്കായുളള അധിക നീക്കിയിരിപ്പ് മൂലമാണ് ഈ പാദത്തില്‍ നഷ്ടം രേഖപ്പെടുത്തേണ്ടി വന്നത്. എന്നാല്‍, ബാങ്കിന്റെ മീഡിയം ടേം സ്ട്രാറ്റജി (വിഷന്‍ 2024) പ്രകാരം 2024 ആകുമ്ബോള്‍ റിട്ടേണ്‍ ഓണ്‍ അസറ്റ് ഒരു ശതമാനം ആയും അറ്റപലിശ അനുപാതം 3.5 ശതമാനം ആയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team