സൗരോർജ്ജത്തിലൂടെ സ്മാർട്ടാകാൻ തിരുവനന്തപുരം കോർപ്പറേഷൻ.
റൂഫ്ടോപ്പ്സോളാർപദ്ധതിയുടെഉദ്ഘാടനംസ്പീക്കർനിർവഹിച്ചുസൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിലേക്ക് തിരുവനന്തപുരം കോർപ്പറേഷൻ. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ വലിയ ക്യാംമ്പസുകൾക്കും കെട്ടിടങ്ങൾക്കും ആവശ്യമായ സൗരോർജ്ജം ലഭ്യമാക്കുന്ന റൂഫ് ടോപ്പ് സോളാർ പദ്ധതിക്കാണ് കോർപ്പറേഷൻ തുടക്കം കുറിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം നിയമസഭ മന്ദിരത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നിയമസഭയെ സമ്പൂർണ്ണ സോളാർ സ്ഥാപനമായി മാറ്റുന്നതിന്റെ തുടക്കമാണിതെന്ന് സ്പീക്കർ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതോടെ സഭയുടെ വൈദ്യുതപയോഗത്തിന്റെ 33 ശതമാനം സൗരോർജ്ജത്തിലൂടെയാകുമെന്നും അദ്ദേഹം പറഞ്ഞു. 395 കിലോ വാട്ട് ശേഷിയുള്ള ആധുനിക സോളാർ പ്ലാന്റാണ് നിയമസഭ സമുച്ചയത്തിൽ സ്ഥാപിക്കുക. റൂഫ് ടോപ്പ് സോളാർ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 607 കിലോ വാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, കേരള യൂണിവേഴ്സിറ്റി ലൈബ്രറി , ഗവൺമെന്റ് വുമൺസ് കോളേജ് , അട്ടക്കുളങ്ങര ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് മറ്റ് പ്ലാന്റുകൾ സ്ഥാപിക്കുക. ഇന്റഗ്രേറ്റഡ് കമാന്റ് ആൻഡ് കൺട്രോൾ സെന്ററാണ് ഇവയുടെ നിരീക്ഷണവും പ്രവർത്തനവും വിദൂരമായ ആശയവിനിമയം വഴി നിർവഹിക്കുക. അഞ്ച് വർഷത്തേക്കുള്ള പ്ലാന്റുകളുടെ പരിപാലനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
മേയർ കെ ശ്രീകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ നിയമസഭ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ നായർ, സ്മാർട്ട് സിറ്റി സി ഇ ഒ പി ബാലകിരൺ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.