“100, 10, 5പഴയ കറന്‍സി നോട്ടുകള്‍ പിൻവലിക്കുന്നു” – വാർത്ത വ്യാജമെന്ന് റിസേർവ് ബാങ്ക്!
മാര്‍ച്ച്, ഏപ്രില്‍ മാസത്തിനുള്ളില്‍ 100, 10, 5 രൂപ ഉള്‍പ്പെടെയുള്ള പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് (റിസര്‍വ് ബാങ്ക്) പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ഇത് വ്യാജ വാര്‍ത്തയാണെന്നും നോട്ടുകള്‍ പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്നും വ്യക്തമാക്കി റിസര്‍വ് ബാങ്ക് രംഗത്ത്. മാര്‍ച്ച് 2021 മുതല്‍ ഈ നോട്ടുകള്‍ നിരോധിച്ചേക്കും എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിയ്ക്കുന്നത്.
പിഐബി ഫാക്‌ട് ചെക്ക് ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും അതില്‍ പറയുന്നു. റിസര്‍വ് ബാങ്ക് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.2,000 രൂപ നോട്ടുകളുമായി ബന്ധപ്പെട്ടും നിരവധി വ്യാജവാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. 2,000 രൂപ നോട്ടുകള്‍ നിരോധിയ്ക്കും എന്ന നിലയിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് അടുത്ത നോട്ട നിരോധനം ഉടന്‍ എന്ന നിലയില്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന് ശേഷം 2,000 രൂപയുടെ കറന്‍സി നോട്ടിനു പുറമെ റിസര്‍വ് ബാങ്ക് 200 രൂപ നോട്ട് പുറത്തിറക്കിയിരുന്നു. 2019 ല്‍ ഒരു വിവരാവകാശ ചോദ്യത്തിന് മറുപടിയായി, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് അറിയിക്കുകയും ചെയ്തു. എന്നിരുന്നാലും, 10 രൂപ നാണയം പുറത്തിറക്കി 15 വര്‍ഷത്തിനുശേഷവും വ്യാപാരികളും ബിസിനസുകാരും നാണയങ്ങള്‍ സ്വീകരിച്ചിട്ടില്ല, ഇത് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിനും ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്.