12 മിനുട്ടില്‍ ദുബായില്‍ നിന്നും ഷാര്‍ജയിലെത്താം; പുതിയ ബസ് റൂട്ടുകളുമായി ആര്‍ടിഎ  

തിരക്കേറിയ റോഡുകള്‍ ഒഴിവാക്കിയുള്ള യാത്രയ്ക്കായി ഡബ്ള്‍ ഡക്കര്‍ ബസ്സുകളാണ് ആര്‍ടിഎ നിരത്തിലിറക്കിയിരിക്കുന്നത്. 20 മിനുട്ട് കൂടുമ്പോള്‍ ഒരു ബസ് എന്ന രീതിയിലാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാന്‍ ഇനി വെറും 12 മിനുട്ട് മതി. ട്രാഫിക് ബ്ലോക്കുകളില്ലാത്ത പുതിയ ബസ് റൂട്ടുകള്‍ ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആരംഭിച്ചതോടെയാണിത്. തിരക്കേറിയ റോഡുകള്‍ ഒഴിവാക്കിയുള്ള യാത്രയ്ക്കായി ഡബ്ള്‍ ഡക്കര്‍ ബസ്സുകളാണ് ആര്‍ടിഎ നിരത്തിലിറക്കിയിരിക്കുന്നത്.ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് ദുബായ് ആര്‍ടിഎ പുതിയ ഇന്റര്‍ എമിറേറ്റ് ബസ് റൂട്ടുകള്‍ ആരംഭിച്ചത്. നിലവിലുള്ള റൂട്ടുകളില്‍ ട്രാഫിക് ബ്ലോക്കുകളിലൂടെ കടന്നുപോവേണ്ടതിനാല്‍ ഇരു എമിറേറ്റുകള്‍ക്കുമിടയില്‍ കൂടുതല്‍ സമയം യാത്രയ്ക്കായി എടുത്തിരുന്നു.

‍ ഇന്റര്‍ എമിറേറ്റ് ബസ്സുകള്‍ക്ക് മാത്രമായുള്ള പുതിയ റൂട്ടില്‍ യാത്രാ സമയം 12 മിനുട്ടായി കുറയുമെന്ന് ആര്‍ടിഎ ഡയരക്ടര്‍മാരിലൊരാളായ ആദില്‍ മുഹമ്മദ് ശാക്കിരി പറഞ്ഞു.രണ്ടു റൂട്ടുകളാണ് പുതുതായി ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് ആരംഭിച്ചത്. ഇതില്‍ ഇ 306 റൂട്ടിലെ ബസ്സുകള്‍ ദുബായ് അല്‍ ഗുബൈബ ബസ് ഡിപ്പോയില്‍ നിന്ന് യാത്ര തുടങ്ങി അല്‍ മംസര്‍ വഴി ഷാര്‍ജയിലെ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേക്ക് സര്‍വീസ് നടത്തും. ദബായ് ദേര സിറ്റി സെന്റര്‍ ബസ് സ്റ്റേഷനില്‍ നിന്ന് അല്‍ ഇത്തിഹാദ് റോഡ് വഴി ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേക്കുള്ള സര്‍വീസാണ്് ഇ-307 റൂട്ടില്‍.രണ്ട് റൂട്ടുകളിലും ആറു വീതം ഡബ്ള്‍ ഡെക്കര്‍ ബസ്സുകളാണ് സര്‍വീസ് നടത്തുക. 20 മിനുട്ട് കൂടുമ്പോള്‍ ഒരു ബസ് എന്ന രീതിയിലായിരിക്കും ഇരു റൂട്ടുകളിലെയും സര്‍വീസെന്നും ആര്‍ടിഎ ഡയരക്ടര്‍ പറഞ്ഞു. ഈ റൂട്ടില്‍ പ്രതിദിനം 1,500 യാത്രക്കാര്‍ക്ക് സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. പുതിയ ഇന്റര്‍ എമിറേറ്റ് റൂട്ടുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ നിലവിലെ ഇ 307 എ, ഇ 400 റൂട്ടുകളിലെ ബസ്സുകള്‍ അല്‍ ഇത്തിഹാദ് റോഡിന് പകരം അല്‍ മംസര്‍ വഴിയാണ് ഇനി മുതല്‍ സര്‍വീസ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team